ദുബൈയിൽ ഹോട്ടലുകൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ഫീസടക്കാൻ 3 മാസം സാവകാശം

ദുബൈ: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ സാമ്പത്തിക സമ്മർദ്ദം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും പ്രധാന ഫീസുകൾ അടയ്ക്കുന്നതിന് മൂന്ന് മാസത്തെ സാവകാശം നൽകി ദുബൈ ഭരണകൂടം. ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച ഈ ഇളവുകൾ പുതിയ സാമ്പത്തിക വർഷാരംഭമായ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു. ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്ട്മെന്റുകൾ, ഹോളിഡേ ഹോമുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾക്കും ഈ ഇളവ് ബാധകമാണ്.
സെയിൽസ് ഫീസിലും ഭക്ഷണ-പാനീയ വിൽപന ഫീസിലും 100 ശതമാനം ഇളവ് നൽകി. കൂടാതെ, ടൂറിസം ദിർഹം ഫീസിലും മൂന്ന് മാസത്തെ സാവകാശം ലഭിക്കും. പ്രീമിയം ബിസിനസ് നെയിം ഫീസ്, ലൈസൻസ് ഭേദഗതി ഫീസുകൾ, പരസ്യ ഫീസ്, ലോക്കൽ സർവീസ് ഫീസ്, അക്കോമഡേഷൻ ഫീസ്, വേസ്റ്റ് മാനേജ്മെന്റ് ഫീസ്, സർവീസ് ഇംപ്രൂവ്മെന്റ് ഫീസ് തുടങ്ങി വിവിധ ബിസിനസ് സംബന്ധമായ ഫീസ് അടയ്ക്കുന്നതിലും മൂന്ന് മാസത്തെ ഇളവ് ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ ലൈസൻസ് എടുക്കുന്നവർക്കും പുതുക്കുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും.

