KSDLIVENEWS

Real news for everyone

ഇറാനെതിരെ കടുത്ത നടപടിയുമായി കുവൈത്ത്, 24 മണിക്കൂറില്‍ ഇറാനിയൻ നയതന്ത്രജ്ഞര്‍ രാജ്യം വിടണമെന്ന് ഉത്തരവിട്ടു; ഇറാൻ ആക്രമണത്തെ അപലപിച്ച്‌ ജിസിസി

SHARE THIS ON

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ ജി സി സി രാജ്യങ്ങള്‍ ഇറാനെതിരെ കടുത്ത നിലപാടിലേക്ക്.

ഇറാനുമായുള്ള നയതന്ത്ര ബന്ധമടക്കം വിച്ഛേദിക്കുന്ന കടുത്ത തീരുമാനത്തിലേക്കാണ് കുവൈത്ത് എത്തിയിരിക്കുന്നത്. രാജ്യത്തുള്ള ഇറാനിയൻ നയതന്ത്രജ്ഞർ 24 മണിക്കൂറിനകം കുവൈത്ത് വിടണമെന്ന് കുവൈത്ത് സർക്കാർ ആവശ്യപ്പെട്ടു. കുവൈത്തിന് നേരെ ഇന്നും തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാനെതിരെ കടുത്ത നയതന്ത്ര നടപടി സ്വീകരിക്കുന്നതെന്ന് കുവൈത്ത് വ്യക്തമാക്കി. ഇതിനിടെ ഇറാന്റെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച്‌ ജി സി സി കൂട്ടായ്മയും രംഗത്തെത്തി.

കൊല്ലപ്പെട്ടത് ഇന്ത്യാക്കാരൻ

അതേസമയം ചർച്ചകള്‍ സ്തംഭിച്ചു നില്‍ക്കുന്നതിനിടെ അമേരിക്ക – ഇറാൻ സംഘർഷം മേഖലയിലേക്ക് വ്യാപിക്കുന്നതിന്‍റെ ആശങ്കിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. അമേരിക്കയ്ക്ക് തിരിച്ചടിയായി ഇറാൻ നടത്തിയ രൂക്ഷ ആക്രമണത്തില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സാരമായ നാശനഷ്ടമുണ്ടായി. ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യാക്കാരനാണെന്നും സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബഹറൈനിലേക്കും ഇറാൻ ആക്രമണം നടത്തി. ഇറാന്റെ എണ്ണക്കപ്പലും ഖഷേം ദ്വീപിലെ ടെലി കമ്മ്യുണിക്കേഷൻ ടവറും അമേരിക്ക ആക്രമിച്ചു. വിമാനഗതാഗതത്തെ ആക്രമണം ബാധിച്ചു. സമാധാനത്തോടെ ഉറങ്ങിയ നീളുകള്‍ക്ക് ശേഷം പ്രവാസികള്‍ക്കും തലയ്ക്കു മീതെ ആശങ്കയാണ് കനക്കുന്നത്. ഇറാൻ – അമേരിക്ക ഉരസല്‍ കേവലം മുന്നറിയിപ്പ് നല്‍കുന്ന ആക്രമണ രീതികളില്‍ നിന്ന് മാറി കനത്ത നാശനഷ്ടമുണ്ടാക്കുന്ന സംഘർഷത്തിലേക്ക് നീങ്ങുകയാണ്.

ആക്രമണം കനക്കുന്നു

ഇറാൻ തീരത്തേക്ക് പോയ എണ്ണക്കപ്പല്‍ അമേരിക്ക വെടിവെച്ചു നിശ്ചലമാക്കി. ഇതിന്റെ ദൃശ്യവും പുറത്തുവിട്ടു. ഖഷം ദ്വീപില്‍ ടെലി കമ്മ്യുണിക്കേഷൻ ടവർ ആക്രമിച്ച അമേരിക്കൻ നീക്കത്തിനാണ് ബഹറൈനിലും കുവൈത്തിലും ഇറാൻ തിരിച്ചടിച്ചത്. ബഹറൈനില്‍ അമേരിക്കയുടെ അഞ്ചാം കപ്പല്‍പ്പടയെ ആഖ്രമിച്ചെന്ന് അവകാശവാദം. കുവൈത്തില്‍ അമേരിക്കൻ വ്യോമതാവളം ആക്രമിച്ചതായാണ് അവകാശപ്പെട്ടത്. എന്നാല്‍ ഈയിടെ പ്രവർത്തനം പുനരാരംഭിച്ച ടെർമിനല്‍ ഒന്നില്‍ കനത്ത നാശനഷ്ടവും നിരവധി പേർക്കും ഉണ്ടായതായി കുവൈത്ത് സ്ഥിരീകരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. കുവൈത്തിലേക്ക് കോഴിക്കോട്ട് നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഉള്‍പ്പടെ വിമാനങ്ങള്‍ തിരിച്ചുവിട്ടു. സംഘർഷം തുടരുന്നത് വ്യോമഗതാഗതത്തെ താറുമാറാക്കും. അഞ്ചാം കപ്പല്‍പ്പടയ്ക്ക് നേരെയുള്ള ആക്രമണം അമേരിക്കയും കുവൈത്ത് വിമാനത്താവളത്തിന് നേരെയുള്ള ആക്രമണം ജി സി സി രാജ്യങ്ങളും ഗൗരവമായി എടുത്തേക്കും. ചർച്ചകള്‍ അനിശ്ചിതാവസ്ഥയില്‍ നില്‍ക്കവേയാണ് ഇതെല്ലാം എന്നത് ആശങ്ക വർധിപ്പിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!