KSDLIVENEWS

Real news for everyone

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി; പുസ്തകവും പൂക്കളുമായി വരാൻ നിർദേശം

SHARE THIS ON

ന്യൂഡൽഹി: പരീക്ഷാക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ രാജിയാവശ്യപ്പെട്ട് ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ സ്ഥാപകൻ അഭിജീത് ദീപ്‌കെ യു.എസിൽനിന്ന് തലസ്ഥാനത്തെത്തി. രാവിലെ ജന്തർ മന്ദറിൽ നടക്കുന്ന പ്രതിഷേധത്തിന് ഡൽഹി പോലീസ് അനുമതി നൽകിയതായി സി.ജെ.പി. അറിയിച്ചു.

പുസ്തകവും ത്രിവർണ പതാകയുമായി സമരത്തിനെത്തണമെന്ന് ദീപ്‌കെ ട്വീറ്റ് ചെയ്തു. കരുണയുടേയും കൃതജ്ഞതയുടേയും അടയാളമായി പോലീസുകാർക്ക് പൂക്കൾ സമർപ്പിക്കണം. സമരം സമാധാന പൂർണമായിരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രതിഷേധം കണക്കിലെടുത്ത് ധർമേന്ദ്ര പ്രധാന്റെ വസതി ഉൾപ്പെടെ ഡൽഹിയിലുടനീളം സുരക്ഷ ശക്തമാക്കി. ഡൽഹി വിമാനത്താവളം, അതിർത്തി പ്രവേശന കവാടങ്ങൾ, മറ്റു പ്രധാന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോലീസ് കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചു.

പാർട്ടിയുടെ ആദ്യ പരസ്യപ്രതിഷേധമാണിത്. എസ്.എഫ്.ഐ. ഉൾപ്പെടെയുള്ള സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ഒൻപതിന് ആരംഭിക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തുന്നവർ ഒറ്റയ്ക്ക് വരരുതെന്നും ഗ്രൂപ്പുകളായേ വരാവൂ എന്നും പാർട്ടി സാമൂഹികമാധ്യമത്തിലൂടെ നിർദേശം നൽകി.

error: Content is protected !!