ഹോർമുസ് അടച്ചിട്ടാൽ ഇറാന് വേണ്ടി ചർച്ചക്ക് എത്തിയ നേതാക്കൾ മടങ്ങിപ്പോകില്ല: ഭീഷണിയുമായി ട്രംപ്

ബേൺ: യുഎസും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഇടക്കാല കരാറിന്‍റെ ഭാഗമായുള്ള ആദ്യഘട്ട സാങ്കേതികതല ചർച്ചകൾ സ്വിറ്റ്സർലന്‍റിൽ സമാപിച്ചു. പാക്, ഖത്തർ സംഘങ്ങളുടെ മധ്യസ്ഥതയിൽ ആയിരുന്നു ചർച്ച. വലിയ പുരോഗതിയാണുള്ളതെന്ന് യു എസ് വൈസ് പ്രസിഡന്‍റ് ജെ.ഡി വാൻസ് അറിയിച്ചു.ചര്‍ച്ചയുടെ ആദ്യ ദിവസം തന്നെ യുഎസും ഇറാനും പ്രോത്സാഹജനകമായ പുരോഗതി കൈവരിച്ചതായി മധ്യസ്ഥരായ പാകിസ്താനും ഖത്തറും വ്യക്തമാക്കി.
ബനാനിലെ സമഗ്ര വെടിനിർത്തൽ ഇറാന്‍റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകൽ എന്നിവ ചർച്ചയിൽ പ്രധാന വിഷയങ്ങളായി. ഹോർമുസ് അടച്ചിട്ടാൽ ഇറാന് വേണ്ടി ചർച്ചക്ക് എത്തിയ നേതാക്കൾ മടങ്ങി പോകില്ലെന്ന് ട്രംപ് ഭീഷണി മുഴക്കി. കരാറിൽ എത്തിയില്ലെങ്കിൽ ഹോർമുസിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് അമേരിക്ക ഫീസ് ഏർപ്പെടുത്തുകയും 20 ശതമാനം എണ്ണ നേടുകയും ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി. പ്രകോപന പ്രസ്താവനകൾ ഗൗനിക്കുന്നില്ലെന്നായിരുന്നു ഇറാന്‍റെ മറുപടി. കഴിഞ്ഞ ആഴ്ച ഇരുപക്ഷവും ഒപ്പുവെച്ച മെമ്മോറാണ്ടത്തിലെ പരസ്പരം ആക്രമിക്കില്ലെന്ന വ്യവസ്ഥയ്ക്ക് വിരുദ്ധമായാണ് ഈ ഭീഷണികൾ വന്നതെന്നും ചൂണ്ടിക്കാട്ടി.
ഇറാന്‍റെ പിന്തുണയുള്ള ഹിസ്ബുല്ലക്കെതിരെ ലെബനാനിൽ ഇസ്രായേൽ നടത്തുന്ന സൈനിക നടപടിയെത്തുടർന്ന്, ചർച്ചകൾക്ക് തൊട്ടുമുമ്പ് ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി തെഹ്‌റാൻ വ്യക്തമാക്കിയിരുന്നു. ലെബനാൻ ഉൾപ്പെടെ എല്ലാ മേഖലകളിലെയും പോരാട്ടം അവസാനിപ്പിക്കുക എന്നതാണ് ഇടക്കാല കരാർ കൊണ്ട് ഉദ്ദേശിക്കുന്നത്. ചർച്ചകൾ ആദ്യം ആ വിഷയം പരിഹരിക്കണമെന്ന് ഇറാൻ കൂട്ടിച്ചേര്‍ക്കുന്നു.
എന്നാൽ ”60 ദിവസത്തെ വെടിനിർത്തൽ കാലയളവിൽ ഹോർമുസ് കടലിടുക്കിൽ ടോൾ ഉണ്ടായിരിക്കില്ല. 60 ദിവസത്തെ കാലാവധി കഴിഞ്ഞതിന് ശേഷവും ടോൾ ഉണ്ടായിരിക്കില്ല. എന്നാൽ ഈ കരാർ പൂർത്തിയാക്കുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ, മധ്യേഷ്യൻ രാജ്യങ്ങൾക്ക് സംരക്ഷണത്തിനായി നൽകിയ സേവനങ്ങൾക്കുള്ള പ്രതിഫലമായി, കഴിഞ്ഞതും ഇപ്പോഴുള്ളതും ഭാവിയിലുള്ളതുമായ ചെലവുകൾക്കായി യുഎസിന് ടോൾ ഈടാക്കാം’ ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇറാന്‍റെ ആണവ ചർച്ചകൾ ആരംഭിക്കുന്നതിനുള്ള പ്രധാന നിബന്ധനയായ, ഇറാന്റെ എണ്ണ കയറ്റുമതിക്കുമേലുള്ള ഉപരോധങ്ങൾ നീക്കുന്നതിനുള്ള യു.എസ് ഇളവുകളെക്കുറിച്ചുള്ള ഒരു കരട് കരാറിൽ ഇരുപക്ഷവും എത്തിയതായി ഇറാൻ അധികൃതർ അറിയിച്ചു. ഇതോടൊപ്പം വിദേശ രാജ്യങ്ങളിൽ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്റെ ആസ്തികൾ ലഭ്യമാക്കുന്ന കാര്യത്തിലും പുരോഗതിയുണ്ടായിട്ടുണ്ട്.

