KSDLIVENEWS

Real news for everyone

ഇത്തിഹാദ് റെയിൽ ‘കൂകിപ്പായാൻ’ ദിവസങ്ങൾ മാത്രം: ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു, പ്രവാസികൾക്ക് നേട്ടം

SHARE THIS ON

അബുദാബി: യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ യാത്രാ ട്രെയിൻ സർവീസുകൾ ഈ മാസം (ജൂൺ) അവസാനത്തോടെ യാഥാർഥ്യമാകുന്നു. ആദ്യഘട്ട സർവീസ് 30ന് അബുദാബിക്കും ഫുജൈറയ്ക്കും ഇടയിൽ ആരംഭിക്കും. അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ പുതിയ പാസഞ്ചർ ട്രെയിൻ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക യാത്രാ ശൃംഖല സെപ്റ്റംബർ 30ന് ഔദ്യോഗികമായി ലോഞ്ച് ചെയ്യും.

തുടക്കത്തിൽ അബുദാബിയിൽ നിന്ന് ഫുജൈറയിലേക്കുള്ള യാത്രയ്ക്ക് 1 മണിക്കൂറും 45 മിനിറ്റും മാത്രമാണ് എടുക്കുക. തുടർന്ന് സെപ്റ്റംബർ 30ഓടെ ദുബായ്, അൽ ദൈദ് സ്റ്റേഷനുകളും ഡിസംബർ 30നകം അൽ ദഫ്ര മേഖലയിലെ സ്റ്റേഷനുകളും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. പദ്ധതിയുടെ പൂർണരൂപം കൈവരിച്ചുകൊണ്ട് 2027 മാർച്ച് 30നകം ഷാർജ സ്റ്റേഷനിലേക്കും സർവീസ് നീട്ടുമെന്ന് അധികൃതർ വ്യക്തമാക്കി.

എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സുസ്ഥിരമായ ഗതാഗത ശൃംഖല രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും ടൂറിസത്തിനും നിക്ഷേപ സാധ്യതകൾക്കും പുതിയ വാതായനങ്ങൾ തുറക്കുമെന്ന് ഷെയ്ഖ് ഖാലിദ് പറഞ്ഞു. അത്യാധുനിക സാങ്കേതികവിദ്യകളോടെ സ്മാർട് യാത്രാ സംവിധാനമാണ് സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുള്ളത്. കഫേകൾ, റസ്റ്ററന്‍റുകൾ, രാജ്യാന്തര ബ്രാൻഡുകളുടെ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവയും ട്രെയിനിനുള്ളിൽ തന്നെ ഭക്ഷണത്തിനുള്ള സൗകര്യങ്ങളും യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!