KSDLIVENEWS

Real news for everyone

ദുബായിൽ ഇനി വാഹനം പരിശോധിക്കാൻ ടെസ്റ്റിങ് സെന്ററിൽ പോകേണ്ട; മൊബൈൽ പരിശോധനാ സംവിധാനവുമായി ആർടിഎ

SHARE THIS ON

ദുബായ്∙ യുഎഇയിൽ വാഹനങ്ങൾ വിൽക്കാനോ റജിസ്ട്രേഷൻ പുതുക്കാനോ ആഗ്രഹിക്കുന്നവർക്ക് ഇനി ടെസ്റ്റിങ് സെന്ററുകളിൽ പോകാതെ തന്നെ പരിശോധന പൂർത്തിയാക്കാം. ഉപയോക്താക്കൾ ആവശ്യപ്പെടുന്ന സ്ഥലത്തെത്തി വാഹനം പരിശോധിക്കുന്ന ‘ആബെർ’ എന്ന പുതിയ മൊബൈൽ പരിശോധനാ സർവീസിന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) തുടക്കം കുറിച്ചു. വീടുകളിലോ ഓഫീസുകളിലോ അല്ലെങ്കിൽ കമ്പനികളുടെ പാർക്കിങ് ഏരിയകളിലോ എത്തി വാഹനങ്ങൾ പരിശോധിക്കാൻ പൂർണ സജ്ജീകരണങ്ങളുള്ള വാഹനങ്ങളും ആർടിഎ സർട്ടിഫൈഡ് ഇൻസ്പെക്ടർമാരും അടങ്ങുന്നതാണ് ഈ മൊബൈൽ യൂണിറ്റ്.

യുഎഇയിൽ നിലവിലുള്ള മൊബൈൽ പെട്രോൾ വിതരണ സംവിധാനമായ ‘കാഫു’വിന് സമാനമായി ഉപയോക്താക്കളുടെ ആവശ്യാനുസരണം ലഭ്യമാകുന്ന ഓൺ-ഡിമാൻഡ് സേവനങ്ങളുടെ ഭാഗമായാണ് ആർടിഎ ഇതും അവതരിപ്പിച്ചിരിക്കുന്നത്.

അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ
ആർടിഎയുടെ ഔദ്യോഗിക ഡിജിറ്റൽ ചാനലുകൾ സന്ദർശിച്ച് ഉപയോക്താക്കൾക്ക് മൊബൈൽ പരിശോധനയ്ക്കായി അപ്പോയിന്റ്മെന്റ് എടുക്കാം. അപേക്ഷിക്കുമ്പോൾ പരിശോധന നടത്തേണ്ട സ്ഥലം, തീയതി, വാഹനങ്ങളുടെ എണ്ണം എന്നിവ രേഖപ്പെടുത്തണം. ഒരു സന്ദർശനത്തിൽ പരമാവധി ഒൻപത് വാഹനങ്ങൾ വരെ പരിശോധിക്കാൻ സാധിക്കും.

ലഭ്യമാകുന്ന പ്രധാന സേവനങ്ങൾ
റജിസ്ട്രേഷൻ പുതുക്കൽ, വാഹനം കൈമാറ്റം ചെയ്യൽ (ട്രാൻസ്ഫർ), കയറ്റുമതി (എക്സ്പോർട്ട്), വാഹനത്തിന്റെ വിവരങ്ങൾ പുതുക്കൽ എന്നിവയ്ക്കുള്ള പരിശോധനകൾ.

നിരക്കുകൾ
ഈ സർവീസിന് 370 ദിർഹം മുതലാണ് നിരക്ക് ആരംഭിക്കുന്നത്. അധിക സേവനങ്ങൾക്കും സർവീസ് ചാർജുകൾക്കും അനുസരിച്ച് ഇതിൽ മാറ്റം വരാം.

∙ആവശ്യമായ രേഖകൾ
ഒറിജിനൽ എമിറേറ്റ്സ് ഐഡി, വാഹനത്തിന്റെ റജിസ്ട്രേഷൻ കാർഡ് (മുൽക്കിയ), സാധുതയുള്ള വാഹന ഇൻഷുറൻസ്. കമ്പനികളുടെ വാഹനമാണെങ്കിൽ ട്രേഡ് ലൈസൻസും പരസ്യങ്ങൾ നൽകിയിട്ടുള്ള വാഹനമാണെങ്കിൽ അതിനുള്ള പെർമിറ്റും ആവശ്യമാണ്.

കനത്ത യന്ത്രങ്ങൾക്കും ഫൂഡ് ട്രക്കുകൾക്കും പരിശോധന
വാഹനങ്ങൾക്ക് പുറമെ റോഡിലിറക്കാൻ കഴിയാത്ത വലിയ യന്ത്രങ്ങൾ, നിർമാണ സാമഗ്രികൾ എന്നിവയും 190 ദിർഹം നിരക്കിൽ ഈ മൊബൈൽ യൂണിറ്റ് വഴി അതത് സ്ഥലങ്ങളിൽ എത്തി പരിശോധിക്കും. ഒറ്റത്തവണ അഞ്ച് യന്ത്രങ്ങൾ വരെ ഇങ്ങനെ ടെസ്റ്റ് ചെയ്യാം. പരിശോധനാ ഫലം തത്സമയം തന്നെ ആർടിഎ സിസ്റ്റത്തിൽ രേഖപ്പെടുത്തും.

ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോകുന്ന ഫൂഡ് ട്രക്കുകൾ, ഫ്രീസർ, ചില്ലർ വാഹനങ്ങൾ, ഡ്രൈ ഫൂഡ് ട്രാൻസ്‌പോർട്ട് വാഹനങ്ങൾ എന്നിവയ്ക്കുള്ള പരിശോധനയും പെർമിറ്റ് പുതുക്കലും ആബെർ യൂണിറ്റുകൾ വഴി ലഭ്യമാണ്. 225 ദിർഹം മുതലാണ് ഇതിന്റെ നിരക്ക്. കൂടാതെ കമ്പനികളുടെ വലിയ ഹെവി വാഹനങ്ങളുടെ കൂട്ടത്തിന് (ഫ്ലീറ്റ്) പരിശോധന നടത്താനായി പ്രത്യേക കോർപറേറ്റ് പാക്കേജുകളും ആർടിഎ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!