വാഹനത്തിന് ഇൻഷുറൻസ് ഇല്ലെങ്കില്‍ പെട്രോളില്ല: എ.ഐ ക്യാമറ വഴി ഓട്ടോമാറ്റിക് പിഴ; നിബന്ധനകള്‍ കടുപ്പിക്കാൻ നിര്‍ദേശിച്ച് സുപ്രീംകോടതി

മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 146 പ്രകാരം, ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങള്‍ അപകടങ്ങളില്‍ പെട്ടാല്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാതെ പോകുന്ന സാഹചര്യം പരിഹരിക്കാൻ സുപ്രീം കോടതി സമഗ്ര ഇടപെടലാണ് ആരംഭിച്ചത്.
30.48 കോടി രജിസ്റ്റർ ചെയ്ത വാഹനങ്ങളില്‍ 16.54 കോടിക്ക് ഇൻഷുറൻസ് ഇല്ലെന്ന പാർലമെന്ററി റിപ്പോർട്ട് ചൂണ്ടിക്കാട്ടി, ഇൻഷുറൻസ് കാലാവധി കാറുകള്‍ക്ക് 4 വർഷവും ഇരുചക്ര വാഹനങ്ങള്‍ക്ക് 6 വർഷവും ആക്കാൻ നിർദേശിച്ച കോടതി, ഓഗസ്റ്റ് 14-നകം കേന്ദ്ര ഏജൻസികളില്‍ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടു.
ഇന്ത്യൻ നിരത്തുകളിലൂടെ ഓടുന്ന വാഹനങ്ങളില്‍ 56 ശതമാനത്തിനും സാധുവായ ഇൻഷുറൻസ് പരിരക്ഷയില്ലാത്തവയാണെന്ന ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നതോടെ, കടുത്ത നടപടികളിലേക്ക് കടന്ന് സുപ്രീം കോടതി. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നിഷേധിക്കുന്നതും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് ക്യാമറകള്‍ (ANPR) വഴി ഇ-ചെല്ലാൻ അയക്കുന്നതും ഉള്‍പ്പെടെയുള്ള നിർണായക ശിക്ഷാനടപടികള്‍ ഏർപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാൻ സുപ്രീം കോടതി വിവിധ കേന്ദ്ര ഏജൻസികള്‍ക്ക് നിർദ്ദേശം നല്‍കി.
ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 146 പ്രകാരമുള്ള ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്.
56% വാഹനങ്ങളും ഇൻഷുറൻസിന് പുറത്ത്
2024 ഡിസംബറിലെ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ട് ഉദ്ധരിച്ചാണ് സുപ്രീം കോടതി ആശങ്ക പങ്കുവെച്ചത്.
ആകെ രജിസ്റ്റർ ചെയ്ത വാഹനങ്ങള്‍: 30.48 കോടി
ഇൻഷുറൻസ് ഇല്ലാത്തവ: 16.54 കോടി (56%)
അപകട നിരക്ക്: രാജ്യത്തുണ്ടാകുന്ന റോഡപകടങ്ങളില്‍ 22 ശതമാനത്തിലും ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളാണ് ഉള്‍പ്പെടുന്നത്.
നിരത്തുകളിലൂടെ ഓടുന്ന പകുതിയിലധികം വാഹനങ്ങള്‍ക്കും ഇൻഷുറൻസ് ഇല്ലാത്തതിനാല്‍, അപകടത്തില്‍പ്പെടുന്ന ഇരകള്‍ക്ക് കൃത്യസമയത്ത് നഷ്ടപരിഹാരം ലഭിക്കുന്നത് തടയപ്പെടുകയോ ദീർഘകാല നിയമപോരാട്ടങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
നടപ്പിലാക്കാൻ പരിഗണിക്കുന്ന കടുത്ത നിയമങ്ങള്‍
1. പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന: ഇൻഷുറൻസ് പുതുക്കാത്ത വാഹനങ്ങള്‍ക്ക് പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നല്‍കുന്നത് തടയുന്ന പൈലറ്റ് പ്രോജക്റ്റ് തയാറാക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി ബോഡിയായ ഐ.ആർ.ഡി.എ (IRDAI), കേന്ദ്ര ഗതാഗത മന്ത്രാലയത്തോടും കോടതി ആവശ്യപ്പെട്ടു. പെട്രോളിയം മന്ത്രാലയവും ഈ നിർദേശത്തോട് തത്വത്തില്‍ അനുകൂലമായ പ്രതികരണം നടത്തിയിട്ടുണ്ട്.

