KSDLIVENEWS

Real news for everyone

ആയങ്കിയുടെ മൊബൈലിൽ സിമ്മില്ല, വാർത്ത വായിച്ച് കമന്റ്: കാപ്പ ചുമത്തിയേക്കും

SHARE THIS ON

കോഴിക്കോട്: അർജുൻ ആയങ്കിക്ക്‌ കേസ്‌ നടത്താൻ പണത്തിനായി ക്രൗഡ് ഫണ്ടിങ് നടത്തിയതുമായി ബന്ധപ്പെട്ട് സഹോദരൻ അജയ് ആയങ്കി (24) അറസ്റ്റിൽ. ജോലിചെയ്യുന്ന കിഴക്കേ നടക്കാവിലെ ഒരു ഡെലിവറി സ്ഥാപനത്തിന്റെ സമീപത്തുനിന്നാണ് ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെ നടക്കാവ് എസ്.ഐ. വിഷ്ണുരാജിന്റെ നേതൃത്വത്തിൽ ഇയാളെ പിടികൂടിയത്. പോലീസിനെയും നിയമസംവിധാനങ്ങളെയും വെല്ലുവിളിച്ച് സമൂഹത്തിൽ തെറ്റായസന്ദേശം നൽകിയെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.

പതിനാറായിരത്തോളം രൂപ ഫണ്ടിങ്ങിലൂടെ ലഭിച്ചിട്ടുണ്ട്. അത് കണ്ണൂരിലെ ഒരു അഭിഭാഷകന്റെ നിർദേശപ്രകാരം എറണാകുളത്തെ മറ്റൊരു അഭിഭാഷകന്റെ അക്കൗണ്ടിലേക്കാണ് അയച്ചത്. ജാമ്യത്തിനുള്ള ശ്രമംനടത്താനാണ് പണം കൈമാറിയതെന്ന് സമ്മതിച്ചിട്ടുണ്ട്. അഞ്ചു രൂപ മുതൽ മുപ്പതുരൂപവരെയുള്ള ചെറിയ തുകകളാണ് പലരും നൽകിയത്. അതിനിടെ അജയ്‌യെ ജാമ്യത്തിലിറക്കാൻവന്ന എരഞ്ഞിപ്പാലം ചാമുണ്ടിപ്പറമ്പ് നിർമല ഹൗസിൽ പി. ഹൈനേഷിനെയും (39) കസ്റ്റഡിയിലെടുത്തു. ഒട്ടേറെ ക്രിമിനൽക്കേസുകളിൽ പ്രതിയായ ബൗൺസറാണിയാൾ. കരുതൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽവിട്ടു.മൂത്ത സഹോദരൻ അഖിൽ ആയങ്കിയും മറ്റൊരു സുഹൃത്തുമെത്തി അജയ്‌യെ ജാമ്യത്തിലിറക്കി. മാധ്യമങ്ങൾ തെറ്റായ വാർത്തകളാണ് പ്രചരിപ്പിക്കുന്നതെന്നും കേരളത്തിലെ മാധ്യമങ്ങളോട് സംസാരിക്കാനില്ലെന്നും അഖിൽ പ്രതികരിച്ചു. അർണബ് ഗോസ്വാമിയെ വിളിക്കൂ, സംസാരിക്കാമെന്നായിരുന്നു അഖിലിന്റെ പ്രതികരണം.

കാപ്പ ചുമത്താൻ നീക്കം

വിവിധ സ്റ്റേഷനുകളിലായി അർജുൻ ആയങ്കിയുടെ പേരിലുള്ളത് 23 കേസ്‌. കരിപ്പൂർ സ്വർണക്കടത്ത്, രാമനാട്ടുകര സ്വർണം പൊട്ടിക്കൽ, കോതമംഗലം പോലീസ് ഇൻസ്പെക്ടർക്കെതിരെയുള്ള വധഭീഷണി, ആഭ്യന്തരമന്ത്രിക്കെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ഭീഷണി, തട്ടിക്കൊണ്ടുപോകൽ, അഴീക്കോട്ട് രണ്ട് ആർ.എസ്.എസ്. പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസ് തുടങ്ങിയവ ഇതിൽ ചിലതാണ്. സമൂഹവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്ന (കാപ്പ) കേസ് ഉൾപ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്ന് ഡി.െഎ.ജി. കെ. കാർത്തിക് പറഞ്ഞു.

കൈയിൽ സിം ഇല്ലാത്ത മൊബൈൽഫോൺ
പോലീസ് പിടിച്ചാൽ കൈമാറാൻ ഒരു മൊബൈൽഫോൺ അർജുൻ ആയങ്കി െെകയിൽ കരുതിയിരുന്നു. ആ ഫോണിൽ സിം കാർഡ് ഉണ്ടായിരുന്നില്ലെന്നത് അന്വേഷണസംഘത്തെ ഞെട്ടിച്ചു. പിന്നെയെന്തിനീ ഫോൺ കൊണ്ടുനടക്കുന്നതെന്ന ചോദ്യത്തിന് ചിരിയായിരുന്നു ഉത്തരം. ‘‘വേറെ ഫോണില്ല. ഞാൻ ഉപയോഗിച്ചിരുന്ന ഫോൺ എവിടെയാണുള്ളതെന്ന് അറിയില്ല. നഷ്ടപ്പെട്ടു പോയിട്ടുണ്ടാകാം’’- ആയങ്കി പറഞ്ഞു.

ടൗൺ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുമ്പോൾ മുഖത്ത് നേരിയ അമ്പരപ്പ് ഉണ്ടായിരുന്നെങ്കിലും സ്റ്റേഷനിൽ എത്തിയതോടെ ചിരിയും വർത്തമാനം പറച്ചിലുമായി. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും സാമൂഹികമാധ്യമങ്ങളിലൂടെ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുകയും പോലീസിനെ പരിഹസിക്കുകയുംചെയ്തു.

ചോദ്യംചെയ്യലിനുശേഷം ഇൻസ്പെക്ടറുടെ ഓഫീസിന് പുറത്തിരുത്തി. ഈ സമയം പത്രങ്ങൾ ഓരോന്നായി വായിച്ചു. ചില വാർത്തകളിൽ ‘കമന്റും’ വന്നു.

ഓട്ടോഡ്രൈവർക്ക് ഒരു ലക്ഷം പാരിതോഷികം

അർജുൻ ആയങ്കിയുടെ വിവരംകൊടുത്ത ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ നൽകണമെന്ന് ഒരു വ്യക്തി തന്നോട് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതായി മന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ‘‘അദ്ദേഹം ആ പൈസ തരാമെന്നും പറഞ്ഞു. പൊതുജനങ്ങളോട് താത്പര്യമുള്ള ഒരു വ്യക്തിയാണ്. ഓട്ടോ ‍ഡ്രൈവറെ ഞാൻ അഭിനന്ദിക്കുന്നു’’ –ചെന്നിത്തല പറഞ്ഞു.മാധ്യമങ്ങളിലൂടെ കണ്ട പരിചയംകൊണ്ടാണ് ആയങ്കിയെ തിരിച്ചറിയാനായതെന്ന് ഡ്രൈവർ പോലീസിനോട് പറഞ്ഞു. തന്റെ ഫോട്ടോയോ പേരോ വെളിപ്പെടുത്തരുതെന്നും പറഞ്ഞതായി അറിയുന്നു.

ഫോൺ കണ്ടെത്തി പരിശോധിക്കണമെന്ന് പോലീസ്

മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരേയുള്ള ഫെയ്സ്ബുക്ക് പരാമർശം പോസ്റ്റ് ചെയ്യാൻ അർജുൻ ആയങ്കി ഉപയോഗിച്ച മൊബൈൽഫോൺ കണ്ടെടുത്ത് വിശദപരിശോധന നടത്തേണ്ടതുണ്ടെന്ന്‌ പോലീസ് റിമാൻഡ്‌ റിപ്പോർട്ട്. നിയമവ്യവസ്ഥയെ നിസ്സാരവത്കരിച്ച പ്രതി ഇത്തരം കുറ്റകൃത്യം ആവർത്തിക്കാനിടയുണ്ട്‌. ഒളിവിൽ പോകാനും സാധ്യതയുണ്ട്‌. ജാമ്യം അനുവദിക്കാതെ പ്രതിയെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്നാണ് കണ്ണൂർ സൈബർ ക്രൈം പോലീസ് കോടതിയിൽ ആവശ്യപ്പെട്ടത്..

അറസ്റ്റിലും പരിഹാസം

‘‘കടലിൽ പോയവരെ കിട്ടിയോ… എന്റെ ജീവിതം നശിപ്പിച്ചയാൾക്കെതിരേയാണ് പറഞ്ഞത്’’ -അമിത ആത്മവിശ്വാസമുണ്ടോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്‌ ചിരിച്ചുകൊണ്ട് ആയങ്കിയുടെ മറുപടി. 21 ദിവസമായി പോലീസിനെയും ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത അർജുൻ അറസ്റ്റിലായപ്പോഴും പരിഹാസം തുടർന്നു. ‘‘ചാവാൻ തയ്യാറായിട്ടുതന്നെയാണ് വന്നത്‌. പറയേണ്ടതെല്ലാം സാമൂഹികമാധ്യമങ്ങളിലൂടെ പറഞ്ഞിട്ടുണ്ട്. കേരള പോലീസിൽ നല്ല വിശ്വാസമുണ്ട്. പോലീസിനെ വെല്ലുവിളിച്ചതല്ല. ആവശ്യപ്പെട്ടതാണ്. പോലീസ് മർദിച്ചിട്ടില്ല. മർദിക്കുമായിരിക്കും.’’ -ആയങ്കി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!