സൗദി-പാക്-തുർക്കി പ്രതിരോധക്കരാർ: യുഎസിനെക്കുറിച്ചുള്ള രാജ്യങ്ങളുടെ ധാരണ മാറുന്നതിന് തെളിവെന്ന് ഇറാൻ

ദുബായ്: സൗദി അറേബ്യയും പാകിസ്താനും തുർക്കിയും ചേർന്ന് രൂപംകൊടുത്ത ത്രികക്ഷി പ്രതിരോധക്കരാർ ഇറാനുള്ള ഭീഷണിയല്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയ വക്താവ് ഇസ്മായേൽ ബഘേയി തിങ്കളാഴ്ച പറഞ്ഞു. യു.എസിനെക്കുറിച്ചും പശ്ചിമേഷ്യയിലെ സമാധാനത്തെക്കുറിച്ചുമുള്ള ധാരണ മാറുന്നതിന്റെ തെളിവാണ് കരാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘ഈ കരാർ പശ്ചിമേഷ്യൻ മേഖലയിലെ രാജ്യങ്ങളുടെ പല ധാരണകളും മാറുന്നുണ്ടെന്നതിന്റെ തെളിവാണ്. കഴിഞ്ഞ മൂന്നുവർഷത്തെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, വ്യാജ ദല്ലാളന്മാരിൽനിന്ന് വാങ്ങാവുന്ന ഒന്നല്ല സുരക്ഷ എന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു’’ -ബഘേയി പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കും അസ്ഥിരതയ്ക്കും കാരണം ഇസ്രയേലും യു.എസുമാണ്. ലോകത്തിനുമുഴുവൻ ഇസ്രയേൽ ഭരണകൂടം ഭീഷണിയാണ്. ഇസ്രയേലിനെ പിന്തുണയ്ക്കുകയും പ്രതിരോധിക്കുകയും ചെയ്യുക വഴി യു.എസും പ്രശ്നത്തിന്റെ ഭാഗമാകുന്നു. ഈ സത്യം തിരച്ചറിഞ്ഞതാണ് പ്രതിരോധക്കരാറിലേക്കെത്താൻ രാജ്യങ്ങളെ നിർബന്ധിതമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താനും തുർക്കിയും സൗദി അറേബ്യയും ചരിത്രപരമായും സാംസ്കാരികമായും ഇറാനുമായി ആഴത്തിൽ ബന്ധമുള്ള രാജ്യങ്ങളാണെന്ന് ബഘേയി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ പ്രതിരോധക്കരാർ ഇറാനെതിരായ കൂട്ടായ്മയാണെന്ന പേടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ആവശ്യങ്ങൾ അംഗീകരിക്കുംവരെ ഹോർമുസ് തുറക്കില്ലെന്ന പ്രസ്താവന ബഘേയി തിങ്കളാഴ്ചയും ആവർത്തിച്ചു.
സൗദിയും പാകിസ്താനും തുർക്കിയുംചേർന്ന് വെള്ളിയാഴ്ചയാണ് സംയുക്ത പ്രതിരോധക്കരാറിൽ ഒപ്പിട്ടത്. കരാർ ഇറാനെതിരായ കൂട്ടായ്മയാണെന്ന് അഭ്യൂഹമുയർന്നെങ്കിലും മൂന്നുരാജ്യങ്ങളും ഇത് നിഷേധിച്ചിരുന്നു.

