വഖഫ് ബോർഡ് പുനസംഘടനക്ക് തയ്യാറെന്ന് സർക്കാർ ഹൈക്കോടതിയിൽ; അമുസ്ലിങ്ങളെ നിയമിക്കുന്നത് സുപ്രീംകോടതി വിധിക്ക് ശേഷം

കൊച്ചി: വഖഫ് ബോർഡ് പുനസംഘടനക്ക് തയ്യാറെന്ന് സർക്കാർ ഹൈക്കോടതിയിൽ. നിലവിലെ പുനസംഘടനയ്ക്ക് മുമ്പ് നിയമപ്രകാരമുള്ള പ്രാതിനിധ്യ നിർണയം പൂർത്തിയായിരുന്നില്ല. വഖഫ് നിയമപ്രകാരമുള്ള നിർണയം പൂർത്തിയാക്കാൻ വഖഫ് ബോർഡ് സി.ഇ.ഒയ്ക്ക് നിർദേശം നൽകി. ഷിയ, സുന്നി, ബോഹ്റ, അഗാഖാനി, മറ്റ് പിന്നാക്ക മുസ്ലിം വിഭാഗങ്ങളെക്കുറിച്ചും പരിശോധിക്കും.
നിർണയം പൂർത്തിയാക്കിയ ശേഷം ബോർഡ് പുനസംഘടിപ്പിക്കാൻ തയ്യാറാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. രണ്ട് നോൺ-മുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന ഭേദഗതി സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്നും സർക്കാർ വ്യക്തമാക്കി.
സർക്കാർ ഹൈകോടതിയിൽ സത്യവാങ്മൂലം നൽകി. വഖഫ് ബോർഡിൽ അമുസ്ലീം അംഗങ്ങളെ നിയമിക്കുന്നത് സുപ്രീം കോടതി അന്തിമ വിധി പറഞ്ഞതിന് ശേഷമായിരിക്കുമെന്നാണ് അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചത്. വഖഫ് ബോർഡിൽ സങ്കീർണ്ണത സൃഷ്ടിക്കാനില്ലെന്നും സർക്കാർ അറിയിച്ചു.
ബിജെപി സംസ്ഥാന വെെസ് പ്രസിഡന്റ് ഷോൺ ജോർജിന്റെ ഹർജിയിൽ രണ്ട് അമുസ്ലീം അംഗങ്ങളെ ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിക്കാൻ തയ്യാറാണെന്ന് അഡ്വക്കറ്റ് ജനറൽ കെ ജാജു ബാബു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വഖഫ് ബോർഡ് നിയമത്തിലെ സെക്ഷൻ 14(6) പ്രകാരം അമുസ്ലിം അംഗങ്ങളെ നിയമിക്കുമെന്നാണ് അറിയിച്ചത്. ഈ നിലപാടാണ് സർക്കാർ ബുധനാഴ്ച തിരുത്തിയത്. സുപ്രീംകോടതിയിലും സർക്കാർ സമാനനിലപാട് അറിയിച്ചിരുന്നു.

