പുടിന്‍ ഇന്ത്യയില്‍: ഇന്ന് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച; ബ്രിക്‌സ് ഉച്ചകോടിക്കൊരുങ്ങി ഡല്‍ഹി

ന്യൂഡൽഹി: 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യയിലെത്തി. പുലര്‍ച്ചെ 1.25 ഓടെ ഡല്‍ഹിയിലെത്തിയ പുടിനെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും റഷ്യന്‍ നയതന്ത്രജ്ഞരും ചേര്‍ന്ന് സ്വീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിൻ ഇന്ന് ചർച്ചനടത്തും. ബ്രഹ്മോസ് മിസൈല്‍ നവീകരണം പോലുള്ള പ്രതിരോധ പദ്ധതികള്‍ ഉള്‍പ്പെടെ ഇരു രാജ്യങ്ങള്‍ക്കും തന്ത്രപ്രധാനമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
ശനി, ഞായർ ദിവസങ്ങളിൽ ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ ഉൾപ്പടെയുള്ള രാഷ്‌ട്രത്തലവൻമാരും ഇന്ത്യയിലെത്തും. പെസെഷ്‌കിയാൻ വെള്ളിയാഴ്‌ചയും ഷി ജിൻപിങ് ശനിയാഴ്‌ചയും ഡൽഹിയിൽ എത്തും.
ഷി ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് വ്യാഴാഴ്‌ചയാണ് സ്ഥിരീകരണമുണ്ടായത്. ഏഴ് വർഷത്തിന് ശേഷമുള്ള ചൈനീസ് പ്രസിഡന്റിന്റെ സന്ദർശനം ഇന്ത്യ–ചൈന ബന്ധത്തിലെ മഞ്ഞുരുകലിന് വഴിയൊരുക്കും. പശ്‌ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്‌ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായുള്ള ചർച്ച നിർണായകമാകും. ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകളുടെ സുഗമസഞ്ചാരം ഉറപ്പാക്കാനുള്ള നടപടികൾ ഇരുനേതാക്കളും ചർച്ച ചെയ്യും.
ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ, ഇൗജിപ്‌ഷ്യൻ പ്രസിഡന്റ് അബ്‌ദുല്‍ ഫത്തേ അൽ സിസി, ഇത്യോപ്യൻ പ്രധാനമന്ത്രി അബിയി അഹമ്മദ്, ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ, അബുദാബി കിരീടാവകാശി സെയ്‌ദ് ഖാലിദ് ബിൻ മുഹമദ് ബിൻ സായിദ് അൽ നഹ്യാൻ, ബ്രസീൽ വിദേശ മന്ത്രി മൗറോ വിയേറ തുടങ്ങിയവരും ഉച്ചകോടിയിൽ പങ്കെടുക്കും.
കനത്ത സുരക്ഷ
ബ്രിക്‌സ് ഉച്ചക്കോടിക്ക് മുന്നോടിയായി ഡല്‍ഹിയില്‍ സുരക്ഷാസജ്ജീകരണങ്ങൾ ഏർപ്പെടുത്തി. 15,000 പൊലീസുകാരെയും അർധസൈനിക വിഭാഗങ്ങളിലെ 200 കന്പനികളെയും വിന്യസിച്ചിട്ടുണ്ട്. ഗതാഗതക്രമീകരണങ്ങളും നിലവിൽ വന്നു. ദേശീയ, അന്തർദേശീയ ഏജൻസികളുമായി ഏകോപിപ്പിച്ച് പഴുതില്ലാത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ഡൽഹിയിലെ സ്‌കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും വെള്ളിയാഴ്‌ച അവധി പ്രഖ്യാപിച്ചു.കേന്ദ്രസർക്കാർ, ഡൽഹി സർക്കാർ ഓ-ഫീസുകൾ, പൊതുമേഖലാസ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾക്കും അവധി നൽകി. 35 പ്രധാനറോഡുകളിൽ കർശന ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

