ഇ ഡി നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെ, യുഡിഎഫും ബിജെപിയും ഒറ്റക്കെട്ട്’: തകർക്കാമെന്ന വ്യാമോഹം വേണ്ടെന്ന് പിണറായി വിജയൻ

കണ്ണൂർ: അഴിമതി കേസില്‍ കേസെടുക്കണമെന്ന ഇഡി ശുപാര്‍ശയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സിഎംആര്‍എല്ലിന് വഴിവിട്ട ഒരു സഹായവും ചെയ്തിട്ടില്ല. സിഎംആർഎൽ സേവനം ലഭിക്കാതെ എക്സാലോജിക്കിന് പണം നൽകി എന്നായിരുന്നു എസ്എഫ്ഐഒയുടെ ആരോപണം. ഇതിൽ നിന്ന് വ്യത്യസ്തമായി എക്സാലോജിക്കിന് ലഭിച്ച പണം സേവനത്തിനുള്ളതല്ല, തനിക്കുള്ള കൈക്കൂലി ആണെന്നാണ് ഇഡി ഇപ്പോള്‍ പറയുന്നത്. എവിടെയാണ് ഇഡി ഉറച്ചു നിൽക്കുന്നത് എന്ന് അവർ തന്നെ വ്യക്തത വരുത്തണം.
എന്തടിസ്ഥാനത്തിലാണ് കൈക്കൂലി കേസുമായി രംഗത്തുവന്നതെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി കകത്തയച്ചാൽ അപ്പോൾ തന്നെ പുറത്തുവരില്ല. പിന്നെങ്ങനെ അത് പുറത്തുവരാന്‍ ഇടയായി? ഇഡി തന്നെ അത്തരം കാര്യങ്ങൾ പുറത്തുവിടുന്നു. തനിക്ക് ഒരു കത്തും, അറിയിപ്പും ലഭിച്ചില്ല. ഇഡി ഉയർത്തുന്ന ആരോപണത്തിന്റെ സ്വഭാവം മാറി. യുഡിഎഫ് അധികാരത്തിൽ വന്നതോടെ കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സംയുക്ത പരിപാടിയായി മാറുന്നുണ്ടോ എന്ന സംശയം ഉയരുന്ന സാഹചര്യമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
എന്ത് കൊണ്ടു താൻ പ്രതികരിക്കുന്നില്ല എന്ന് ചിലർ ചോദിക്കുന്നു. നിയമ നടപടികകളുടെ ഭാഗമായി വീണ അടക്കം മറുപടികൾ നൽകി. മറുപടി കൊണ്ടോ വസ്തുത കൊണ്ടോ അടങ്ങുന്നതല്ല ഈ ആക്രമണം നടത്തുന്നവരുടെ താല്പര്യം. വീണ എല്ലാം സമ്മതിച്ചു എന്ന് പറയുന്നത് ശുദ്ധ അസംബന്ധവും പച്ച കള്ളവും. സംഘപരിവാർ രാഷ്ട്രീയ ആയുധമായിട്ടാണ് കേന്ദ്ര ഏജൻസികൾ ഇടപെടുന്നത്. ഇങ്ങനെ ഉള്ള ഒട്ടേറെ ഘട്ടം നേരിട്ടവരും കടന്നു വന്നവരുമാണ് ഞങ്ങൾ. ഇപ്പോഴത്തെ ഉണ്ടായില്ല വെടി പൊട്ടുന്നത് കേട്ട് ഞങ്ങൾ ഞെട്ടി പോകും എന്ന് വലത് പക്ഷം കരുതേണ്ടതില്ല. വലതു പക്ഷ മാധ്യമങ്ങളും ഈ കാര്യം ഓർക്കുന്നത് നല്ലതാണ്. സിപിഐയെ കുറിച്ച് എനിക്ക് ഒന്നും പറയാൻ കഴിയില്ല. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും.ഇ ഡിയേ ക്കുറിച്ച് നിലപാട് ഉണ്ട്. അതിൽ വ്യത്യസ്തത ഉണ്ടോ എന്ന് അറിയില്ല. അത് അവർ വ്യക്തമാക്കണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

