തിരുവനന്തപുരത്ത് അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊന്നു; പ്രതി പിടിയിൽ

തിരുവനന്തപുരം∙ കഠിനംകുളം ചാന്നാങ്കരയില്‍ അമ്മൂമ്മയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു. ചാന്നാങ്കര സ്വദേശി മെഴ്സി (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മെഴ്സിയുടെ മകളുടെ മകനായ ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ 10 മണിയോടെയാണ് സംഭവം. ഇവര്‍ ഒരുമിച്ച് ഒരു വീട്ടിലാണ് താമസിച്ചിരുന്നത്.
ഇന്നു രാവിലെ ഇവര്‍ തമ്മില്‍ വഴക്കുണ്ടാകുകയും തുടര്‍ന്ന് ഷിബിന്‍ മെഴ്‌സിയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ചോരപുരണ്ട കത്തിയുമായി വീടിനു പുറത്തെത്തിയ ഷിബിന്‍ തന്നെയാണ് സംഭവം അയല്‍വാസികളോടു പറഞ്ഞത്. തുടര്‍ന്ന് വീട്ടില്‍നിന്നു പോയ ഇയാളെ കഠിനംകുളത്ത് നിന്നു പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്നു പൊലീസ് പരിശോധിക്കുന്നുണ്ട്.

