വിശുദ്ധ മക്കയെ ലക്ഷ്യമിട്ട് ഹൂതി ആക്രമണശ്രമമെന്ന് സൗദി; ചരിത്രത്തിലാദ്യമായി നഗരത്തിൽ വ്യോമാക്രമണ അലർട്ട്,ഡ്രോൺ തകർത്തു, നിഷേധിച്ച് ഹൂതികൾ;

റിയാദ്∙ പുണ്യനഗരമായ മക്കയെ ലക്ഷ്യമിട്ട് ഹൂതി വിമതരുടെ ആക്രമണ ശ്രമമെന്ന് സൗദി. ബുധനാഴ്ചയാണ് മക്ക ലക്ഷ്യമിട്ട് ഹൂതികൾ ഡ്രോൺ വിക്ഷേപിച്ചത്. എന്നാൽ ആക്രമണ ശ്രമം സൗദി വ്യോമ പ്രതിരോധ സേന തകർത്തെന്നും സൗദി സഖ്യസേന വക്താവ് തുർക്കി അൽ മാൽക്കി പറഞ്ഞു. മക്ക, ജിദ്ദ, തയ്ഫ് തുടങ്ങിയ സൗദിയുടെ പടിഞ്ഞാറൻ തീരനഗരങ്ങളിലാണ് ആക്രമണശ്രമമുണ്ടായത്. ആക്രമണ ശ്രമത്തിന്റെ പശ്ചാത്തലത്തിൽ മക്കയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് മക്കയിൽ വ്യോമാക്രമണ ഭീഷണി അലർട്ട് പുറപ്പെടുവിക്കുന്നത്.
വിശുദ്ധ നഗരത്തെ ലക്ഷ്യമിട്ടത് മുസ്‌ലിം രാജ്യങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധമുയർന്നിട്ടുണ്ട്. ഇതോടെ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുകയാണ്. അതേസമയം, ആരോപണം ഹൂതികൾ നിഷേധിച്ചു. ‘മക്കയെ ആക്രമിച്ചെന്ന ആരോപണം തെറ്റാണ്. ഇത്തരം നുണകൾ നേരത്തെയും പടച്ചുവിട്ടിട്ടുണ്ട്. ഇനിയും ആരെയും വിഡ്ഡികളാക്കാനാവില്ല.’ – ഹൂതി പൊളിറ്റ് ബ്യൂറോ അംഗം ഹാസെം അൽ ആസാദ് എക്സിൽ കുറിച്ചു.
സംഘർഷം ശക്തമായതോടെ സൗദിയിലെ മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽഅസീസ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളും തടസപ്പെട്ടു. യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികൾ സൗദി അറേബ്യയിലെ അതിർത്തി നഗരങ്ങളിൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പുമായി യുഎസ് രംഗത്തെത്തി. സൗദിയിലേക്ക് യാത്ര നടത്തുന്നതിനെക്കുറിച്ച് പുനരാലോചിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
സൗദിയിൽ ഹൂതി വിമതർ കഴിഞ്ഞ ദിവസം നടത്തിയ രൂക്ഷമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഇന്നലെ 13 പേർക്കു പരുക്കേറ്റിരുന്നു. യെമൻ അതിർത്തിയോടുചേർന്ന ഖാമിസ് മുസ്ഹായിത്, അബാഹ്, തായിഫ് എന്നീ നഗരങ്ങളിൽ 7 വീടുകളും 2 വാഹനങ്ങളും തകർന്നു. സൗദിയുടെ ചെങ്കടലിലെ എണ്ണ കയറ്റുമതി കേന്ദ്രമായ യാൻബു തുറമുഖത്തും വ്യോമാക്രമണ മുന്നറിയിപ്പുണ്ടായിരുന്നു. ജിദ്ദ, ജസൻ, അൽ ഉല എന്നീ നഗരങ്ങളിലും ജാഗ്രതാനിർദേശം നൽകി.
ചെങ്കടലിലെ സുരക്ഷാപ്രശ്നത്തിൽ പിന്തുണ തേടി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഈജിപ്തിലെത്തി പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസിയുമായി ചർച്ച നടത്തി. സൗദിക്കുനേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. ഹോർമുസിൽ ഒമാൻ തീരത്തു ചരക്കുകപ്പലിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ എൻജിൻ റൂമിൽ തീപടർന്നു. 2 നാവികരെ കാണാതായി. 23 ജീവനക്കാരെ ഒമാൻ തീരസേന രക്ഷിച്ചു.

