കോൺക്രീറ്റ് പാളികൾ അടർന്നു, ഇരുമ്പ് കമ്പികൾ ദ്രവിച്ചു; കാലപ്പഴക്കം കൊണ്ട് ഏത് സമയത്തും നിലംപൊത്താറായ കുമ്പള ജലസംഭരണി അപകടാവസ്ഥയിൽ, ആശങ്ക

കുമ്പള: കോൺക്രീറ്റ് പാളികൾ അടർന്നു വീണും, ഇരുമ്പ് കമ്പികൾ ദ്രവിച്ചും അപകടാവസ്ഥയിലായി കുമ്പള പൊലീസ് സ്റ്റേഷൻ പരിസരത്തെ വാട്ടർ അതോറിറ്റി ജലസംഭരണി. വർഷങ്ങളുടെ പഴക്കമുള്ള ജലസംഭരണിക്കു താഴെയാണ് അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയമായ പിഎച്ച് സെന്ററും പ്രവർത്തിക്കുന്നത്. ഇതു ജീവനക്കാർക്ക് സുരക്ഷാഭീഷണിയായിട്ടുണ്ട്. തീരദേശത്തോടു ചേർന്നുകിടക്കുന്ന സ്ഥലമായതിനാലാണ് കടൽക്കാറ്റും ഈർപ്പവും തട്ടി കോൺക്രീറ്റിനുള്ളിലെ ഇരുമ്പ് കമ്പികൾ വേഗത്തിൽ തുരുമ്പെടുത്ത് വീർക്കുന്നത്. ഇത് കോൺക്രീറ്റ് പാളികൾ അടർന്നുവീഴാൻ കാരണമാകും. ജലസംഭരണിയുടെ സുരക്ഷയ്ക്കും ഭീഷണിയാണ്.
പഞ്ചായത്ത് പരിധിയിലെ നൂറുകണക്കിനു കുടുംബങ്ങൾക്ക് ശുദ്ധജലമെത്തിക്കുന്ന ഈ ടാങ്കിന് അധികഭാരം താങ്ങാനാകുന്നില്ല. കുമ്പള വാട്ടർ അതോറിറ്റിയുടെ ഏറെ പഴക്കമുള്ള സംവിധാനങ്ങൾ മാറ്റാൻ വർഷങ്ങളായി ഉപഭോക്താക്കൾ ആവശ്യപ്പെടുകയാണ്. ഇവിടെ നിന്ന് വിവിധ പ്രദേശങ്ങളിലേക്ക് ശുദ്ധജലമെത്തിക്കുന്ന പൈപ്പുകൾ പൊട്ടി വിതരണം തടസ്സപ്പെടുന്നത് പതിവാണെന്നു നാട്ടുകാർ പറഞ്ഞു. ദേശീയപാത നിർമാണസമയത്ത് മാസങ്ങളോളമാണ് ശുദ്ധജലം മുടങ്ങിയത്. കുമ്പള പഞ്ചായത്തിലെ വിവിധ വാർഡുകളിലേക്ക് ആവശ്യമായ വെള്ളം ശേഖരിച്ച് ശുദ്ധീകരിച്ച് എത്തിക്കുന്നത് ഷിറിയ പുഴയിലെ ജലസ്രോതസ്സുകളെയും പമ്പിങ് സ്റ്റേഷനുകളെയും ആശ്രയിച്ചാണ്.
ഷിറിയ പുഴയിൽ കോടികൾ മുടക്കി നിർമിക്കുന്ന തടയണ നിർമാണം പൂർത്തിയായാൽ പഞ്ചായത്ത് പരിധിയിലെ ശുദ്ധജല പദ്ധതികൾക്ക് വേഗം ഉണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. ഇതിനായി കുമ്പള, മംഗൽപാടി പഞ്ചായത്തുകളുടെ സംയുക്ത പദ്ധതികളുടെ നിർമാണവും വേറെയുണ്ടെന്നു നാട്ടുകാർ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ജല ജീവൻ മിഷൻ പദ്ധതി പ്രകാരമാണിത്. ഇതിനായി ഉയർന്ന ശേഷിയുള്ള പുതിയ ജലസംഭരണികൾ സ്ഥാപിക്കും. ശുദ്ധജലപദ്ധതിയുടെ പൈപ്പ് ലൈനുകളുടെ ജോലികൾ നടക്കുന്നു.
പഞ്ചായത്ത് പരിധിയിലെ പൂക്കട്ട, കിദൂർ, കളത്തൂർ എന്നീ പ്രദേശങ്ങളിൽ ഉയർന്ന ശേഷിയുള്ള പുതിയ ഓവർ ഹെഡ് സംഭരണ ടാങ്കുകൾ നിർമിക്കും. കളത്തൂരിൽ മാത്രം 10 ലക്ഷം ലീറ്റർ ശേഷിയുള്ള ടാങ്കാണ് പണിയുക. ഭീഷണി ഉയർത്തുന്ന വാട്ടർ ടാങ്ക് അപകടം സൃഷ്ടിക്കുംമുൻപേ ആവശ്യമായ പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.

