ആന്റോയുടെ അറസ്റ്റ് അധമ മാധ്യമ പ്രവർത്തനത്തിനുള്ള താക്കീത്; തട്ടിപ്പിന് ഇടതുസർക്കാരും കൂട്ടുനിന്നു’ യുഡിഎഫ് സർക്കാരിനെ അഭിനന്ദിച്ച് വെള്ളാപ്പള്ളി

അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടി വി എം ഡി ആന്റോ അഗസ്റ്റിന്റെ അറസ്റ്റിന് പിന്നാലെ യുഡിഎഫ് സർക്കാറിനെ അഭിനന്ദിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തട്ടിപ്പുകാരും പലിശ രാജാക്കന്മാരും ക്രിമിനലുകളും മാധ്യമ സ്ഥാപനങ്ങൾ തുടങ്ങി മാന്യന്മാരാകാൻ ശ്രമിച്ചതിന്റെ പരിണിതഫലമാണ് കേരളം കാണുന്നതെന്നും മാധ്യമ മുതലാളിമാരായാൽ അതിന്റെ തണലിൽ പലതും ചെയ്യാമെന്നും ഇവർ കരുതുന്നതായി വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻഡിപി മുഖ മാസികയായ യോഗനാദത്തിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം.
വെള്ളാപ്പള്ളി നടേശൻ
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ പേരിൽ മലയാളികളെ വിഡ്ഢികളാക്കി. അധമ മാധ്യമ പ്രവർത്തനം നടത്തുന്നവർക്കുള്ള താക്കീതാണ് ആന്റോയുടെ അറസ്റ്റ്. മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പിന് ഇടതു സർക്കാരും കൂട്ടുനിന്നുവെന്നും വെള്ളാപ്പള്ളി വിമർശിച്ചു.
പൂർണരൂപം
ആൻ്റോയുടെ അറസ്റ്റ്: സർക്കാരിന് ഡബിൾ സല്യൂട്ട്
വിവാദങ്ങളിൽ മുങ്ങി നിൽക്കുന്ന റിപ്പോർട്ടർ എന്ന ടിവി ചാനലിന്റെ കൊച്ചിയിലെ ഓഫീസിൽ നടന്ന പൊലീസ് റെയ്ഡും അതിന്റെ മുതലാളിമാരിൽ പ്രമുഖനും എം.ഡിയുമായ ആൻ്റോ അഗസ്റ്റിന്റെ അറസ്റ്റും വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കയാണ്.
പത്രപ്രവർത്തനരംഗത്ത് അഭിമാനകരമായ പാരമ്പര്യമുള്ള സംസ്ഥാനമാണ് കേരളം. എന്നാൽ കുറേക്കാലമായി കോടീശ്വരന്മാരായ കുറേ തട്ടിപ്പുകാരും പലിശരാജാക്കന്മാരും ക്രിമിനലുകളും മാധ്യമങ്ങൾ തുടങ്ങിയും നിലവിലുള്ളവ സ്വന്തമാക്കിയും മാന്യന്മാരാകാൻ ശ്രമിച്ചതിന്റെ പരിണിതഫലങ്ങളാണ് നാം കാണുന്നത്. മാധ്യമ മുതലാളിമാരായാൽ അതിന്റെ തണലിൽ പലതും ചെയ്യാമെന്നും ആരെയും ഭയക്കേണ്ടെന്നും ഇവർ കരുതുന്നുണ്ടാകാം.
വയനാട്ടിലെ വിവാദ മരംമുറി കേസിൽ ജയിലിൽ കിടന്നയാളാണ് ആന്റോ അഗസ്റ്റിനും സഹോദരങ്ങളും. തട്ടിപ്പുകേസുകൾ വേറെ. അതിനിടെയാണ് ലോക ഫുട്ബോളിലെ ഇതിഹാസ താരം ലയണൽ മെസിയെ കേരളത്തിൽ കൊണ്ടുവരുമെന്ന പേരിൽ ഇവർ വമ്പൻ വെട്ടിപ്പ് നടത്തിയത്. അറിഞ്ഞോ അറിയാതെയോ കഴിഞ്ഞ ഇടതു സർക്കാരും ഇതിന് കൂട്ടുനിന്നു. കോടികൾ മുടക്കി ആന്റോയും കൂട്ടരും കൊച്ചിയിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം നവീകരിക്കുക വരെ ചെയ്തു. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ പേരിൽ മലയാളികളെ അക്ഷരാർത്ഥത്തിൽ ഇവർ വിഡ്ഢികളാക്കി. സംസ്ഥാന സ്പോർട്സ് വകുപ്പിനെയും മുൻ വകുപ്പു മന്ത്രിയെയും വരെ ദുരുപയോഗിച്ചുവെന്നതാണ് കഷ്ടം.
യുഡിഎഫ് സർക്കാർ അധികാരമേറ്റപ്പോൾ മെസി തട്ടിപ്പിന്റെ തലം മാറി. പരാതികളുടെ വരവായി. കളമശേരി പൊലീസ് കേസെടുത്തു. പ്രത്യേക അന്വേഷണ സംഘമാണ് കോടതി വാറണ്ടുമായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ കളമശേരി ആസ്ഥാനത്തും അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും വയനാട്ടിലെ ഇവരുടെ ‘കൊട്ടാരത്തിലും’ റെയ്ഡ് നടത്തിയത്. ഇതിനിടെ വീട്ടിൽ വലിയ അളവിൽ മദ്യം കണ്ടെത്തിയതിനാണ് അബ്കാരി കേസിൽ ആന്റോ അറസ്റ്റിലായത്. മറ്റ് കേസുകൾ പിന്നാലെ വരുമായിരിക്കും. എസ്.ഐ.ടിയുടെ കേസിൽ ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതിയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി രണ്ടാം പ്രതിയുമാണ്.
റിപ്പോർട്ടറിലെ റെയ്ഡിന്റെ പേരിൽ കേരളത്തിൽ മാധ്യമ സ്വാതന്ത്ര്യം തകർന്നുവെന്നാണ് ഇപ്പോൾ പരാതികൾ. കൊള്ളക്കാരും കൊലപാതകികളും സമ്പത്തുണ്ടാക്കി മാധ്യമസ്ഥാപനങ്ങൾ തുടങ്ങുന്നത് സാമൂഹത്തെ ഉദ്ധരിക്കാനല്ലല്ലോ. പ്രമുഖ മാധ്യമ പ്രവർത്തകരെ ഒപ്പം കൂട്ടി കോട്ടും സ്യൂട്ടുമിട്ട് അന്തിചർച്ചകൾ നടത്തി കുറഞ്ഞ കാലം കൊണ്ട് മാധ്യമപ്രവർത്തകനായ ആളാണ് ആന്റോ അഗസ്റ്റിൻ. അങ്ങനെ ഒരാൾ നയിക്കുന്ന സ്ഥാപനത്തിൽ സ്വാഭാവികമായും പോലീസ് കയറേണ്ട സാഹചര്യമുണ്ടാകാം. അപ്പോൾ വിലപിക്കുന്നതും വിമർശിക്കുന്നതും തട്ടിപ്പുകാരെ വെള്ളപൂശുന്നതിന് തുല്യമാണ്. മടിയിൽ കനമില്ലെങ്കിൽ ഭയക്കുന്നതെന്തിന്. അവർക്ക് തെളിവെന്തെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ ഈ പ്രതിഷേധങ്ങൾ അപഹാസ്യമാകും.
മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരിൽ ആരെയും എന്തും വിളിച്ചുപറയാമെന്ന വിചാരം അവസാനിപ്പിക്കണം. ഉടമകളുടെ ദുഷ്ചെയ്തികളുടെ പേരിൽ നടക്കുന്ന അന്വേഷണം മാധ്യമവേട്ടയാണെന്ന് പറയരുത്. മാധ്യമ പ്രവർത്തകരും അവരുടെ സംഘടനകളും ഇക്കാര്യത്തിൽ പുനരാലോചന നടത്തുന്നതാണ് നല്ലത്. ആർക്കും ആരോടും എന്തും പറയാനും എഴുതാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന നൽകുന്നില്ല. മാധ്യമ സ്വാതന്ത്ര്യം പരിമിതികൾ ഇല്ലാത്തതുമല്ല. നിയന്ത്രണത്തിന് വിധേയമായ സ്വാതന്ത്ര്യം തന്നെയാണ് എല്ലാ കാര്യത്തിലുമുള്ളത്.
ചാനലുകളിൽ പണം മുടക്കി നിയന്ത്രണം പിടിച്ച്, വ്യാജവാർത്തകൾ സൃഷ്ടിച്ച് എതിരാളികളെ ഒതുക്കാൻ ശ്രമിക്കുന്ന വമ്പൻ സ്രാവുകളിൽ പലിശരാജാക്കന്മാരും കള്ളപ്പണക്കാരും ക്രിമിനലുകളുമുണ്ടെന്ന് ഞങ്ങൾക്കെല്ലാം അറിയാം. ഇക്കൂട്ടരുടെ കോടാലി കൈകളാകാൻ പ്രമുഖ മാധ്യമപ്രവർത്തകരും തയ്യാറാകുന്നുവെന്നതാണ് ദുര്യോഗം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ മാധ്യമ മാഫിയാ സംഘങ്ങൾ ചില അധികാര ദല്ലാൾമാരുടെയും പോലീസിന്റെയും ഒത്താശയോടെയാണ് വിളയാടിയത്. സർക്കാരിന്റെ പ്രതിച്ഛായയ്ക്കും ഈ സംഭവങ്ങൾ കോട്ടമുണ്ടാക്കി. ഇക്കൂട്ടർ ശതകോടികളുടെ നേട്ടമുണ്ടാക്കി. ആ അഹങ്കാരത്താലാണ് മെസിതട്ടിപ്പിലൂടെ ഇവർ മലയാളികളെ വിഡ്ഢികളാക്കിയത്.
എന്ത് വിളിച്ചുപറഞ്ഞാലും ഒന്നും സംഭവിക്കില്ലെന്ന വിശ്വാസത്തിലാകാം ഇവർ ഒരു മുഖ്യമന്ത്രിയുടെ ഇല്ലാത്ത രണ്ടാം ഭാര്യയെ തേടിപ്പോയത്. തങ്ങളുടെ മുതലാളിമാർക്ക് സംസ്ഥാനത്തിന് അകത്തും പുറത്തും എത്ര ഭാര്യമാരും വെപ്പാട്ടിമാരുമുണ്ടെന്ന് നോക്കിയാൽ ഒരുപക്ഷേ അത് ഇതിലും വലിയ സെൻസേഷണൽ വാർത്ത ആയേനെ.
ഇല്ലാത്ത കാര്യങ്ങളുടെ പേരിൽ എസ്.എൻ.ഡി.പി യോഗത്തെയും തന്നെയും പിന്തുടർന്ന് വേട്ടയാടിയവരാണ് റിപ്പോർട്ടർ ടിവി. ഞാൻ നവതി ആഘോഷിക്കുന്ന ഈ വേളയിൽ, എന്നെ അറിയുന്നവരും അറിയാത്തവരുമായ പതിനായിരങ്ങളുടെ ആശംസകൾ ഏറ്റുവാങ്ങുന്ന ദിവസം തന്നെ അവർക്കെതിരെ ശക്തമായ നടപടി ഉണ്ടായത് ഇരട്ടി മധുരമായി. സംസ്ഥാന സർക്കാർ നടത്തിയ ധീരമായ ഈ നീക്കം സ്വാഗതാർഹമാണ്. അധമ മാധ്യമപ്രവർത്തനം നടത്തുന്നവർക്ക് ഇതൊരു താക്കീതാണ്. അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോയാൽ ഇനിയും പല വമ്പൻ സ്രാവുകളും ഈ കേസിൽ അകത്താകും. നടപടികളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകരുതെന്ന് സർക്കാരിനോട് അപേക്ഷിക്കുന്നു. ഇത്തരക്കാർ മാധ്യമധർമ്മത്തിനും പ്രബുദ്ധകേരളത്തിനും അപമാനമാണ്. സംസ്ഥാന സർക്കാരിന് ഡബിൾ സല്യൂട്ട്.
വെള്ളാപ്പള്ളി നടേശൻ
മാനേജിംഗ് എഡിറ്റർ

