സ്വർണവിലയിൽ ‘സർപ്രൈസ്’; വഴിയൊരുക്കി ചൈനയും സൗദിയും, കുറയേണ്ടതിന് പകരം കൂടുന്നു, 2 ദിവസത്തിൽ 2200 കയറി പവൻ

സ്വർണവില കുറയേണ്ടതിന് പകരം കുതിച്ചുകയറുന്നു. രാജ്യാന്തര സ്വർണവില ഔൺസിന് 17.51 ഡോളർ ഉയർന്ന് 4377.91 ഡോളറിലെത്തി. ഇതോടെ കേരളത്തിലും ഇന്നു വില കുതിച്ചു.
ഗ്രാമിന് 130 രൂപ വർധിച്ച് 14,285 രൂപയാണ് ഇന്നു വില. പവന് 1040 രൂപ ഉയർന്ന് 1,14,280 രൂപ. ഇതോടെ ഇന്നും ഇന്നലെയുമായി പവന് 2200 രൂപയും ഗ്രാമിന് 275 രൂപയും ഉയർന്നു. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കൂട്ടുമ്പോൾ സാധാരണയായി സ്വർണവില കുറയുകയാണ് പതിവ്. എന്നാൽ, ഇക്കുറി ഏവരെയും അമ്പരപ്പിച്ച് സ്വർണവില കൂടുകയാണ്.
അതിന് ചില കാരണങ്ങളുണ്ട്:
ഒന്ന്, അടിസ്ഥാന പലിശനിരക്ക് കാൽ ശതമാനമാണ് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് കൂട്ടിയത്. ഇതോടെ യുഎസ് ഡോളർ സൂചിക 100ന് മുകളിലെത്തി. യുഎസ് സർക്കാരിന്റെ 10-വർഷ ട്രഷറി യീൽഡ് 5 ശതമാനത്തിന് മുകളിലും. ഇത് സ്വർണത്തിന് വൻ ഷോക്കാകേണ്ടതാണ്. പക്ഷേ, ആയില്ലെന്ന് മാത്രമല്ല, വില കൂടുകയും ചെയ്തു.
ക്രൂഡോയിൽ വിലക്കയറ്റവും പണപ്പെരുപ്പ വർധനയും ചൂണ്ടിക്കാട്ടിയാണ് ഫെഡറൽ റിസർവ് പലിശനിരക്ക് കൂട്ടിയത്. എന്നാൽ, പലിശ വർധനയ്ക്ക് പിന്നാലെ ക്രൂഡോയിൽ വില താഴ്ന്നു. സൗദിയിൽ നിന്നുള്ള എണ്ണവിതരണം വീണ്ടും സജീവമാകുന്നത് എണ്ണവില കുറയാൻ സഹായിച്ചു. ഇതോടെ പണപ്പെരുപ്പം ഇനിയും കൂടിയേക്കില്ലെന്ന പ്രതീക്ഷകൾ ഉയർന്നു. പണപ്പെരുപ്പം കൂടുന്നില്ലെങ്കിൽ ഇനി പലശനിരക്ക് കൂട്ടേണ്ട ആവശ്യമില്ല. അതായത്, ഇനിയൊരു പലിശനിരക്ക് വർധനയ്ക്കുള്ള സാധ്യത മങ്ങിയേക്കാം. ഈ വിലയിരുത്തൽ ഡോളറിന്റെയും ബോണ്ടിന്റെയും കുതിപ്പിന് തടയിട്ടു. സ്വർണവില ഇടിയേണ്ടതിന് പകരം കൂടുകയും ചെയ്തു.
രണ്ട്, പശ്ചിമേഷ്യയിലെ അനിശ്ചിതത്വവും ആഗോള സമ്പദ്മേഖലയിലെ അസ്ഥിരതകളും കറൻസി വിപണി നേരിടുന്ന ചാഞ്ചാട്ടവും സ്വർണത്തിന് സുരക്ഷിത നിക്ഷേപം എന്ന പെരുമ സമ്മാനിക്കുന്നുണ്ട്. ചൈനയിൽ സ്വർണത്തിന് നല്ല ഡിമാൻഡുണ്ട്. ഇന്ത്യയിൽ ഇപ്പോൾ ഡിമാൻഡ് കൂടിയിട്ടില്ലെങ്കിലും നവരാത്രി-ദീപാവലി ഉത്സവകാലത്തോടെ ഡിമാൻഡ് കൂടുമെന്നാണ് കരുതുന്നത്. ഇതും സ്വർണത്തിന് വിലവർധന സൃഷ്ടിക്കുന്നു.
പവന് 10,000 രൂപ കൂടും?
നിലവിലെ ട്രെൻഡ് തുടർന്നാൽ രാജ്യാന്തര സ്വർണവില 4420-4440 ഡോളർ നിലവാരത്തിൽ വരുംദിവസങ്ങളിൽ വ്യാപാരം ചെയ്യപ്പെടുമെന്നാണ് വിപണിവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഈ പ്രതിരോധ നിരക്ക് മറികടക്കാൻ വലിയ ഡിമാൻഡിന്റെ കരുത്തിൽ സ്വർണത്തിന് കഴിഞ്ഞാൽ വില 4540 വരെ എത്താം. തുടർന്നും അനുകൂല സാഹചര്യം നിലനിന്നാൽ കാത്തിരിക്കുന്ന ഉയരം ഡിസംബറോടെ 4973 ഡോളറാണ്. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ പവന് 10,000 രൂപയെങ്കിലും കൂടും. അതായത് പവൻവില 1.25 ലക്ഷം രൂപയ്ക്കടുത്തെത്തും.
വെള്ളിയും 18 കാരറ്റും
കേരളത്തിൽ ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 105 രൂപ വർധിച്ച് 11,735 രൂപയായി. ഗ്രാമിന് 5 രൂപ ഉയർന്ന് 255 രൂപയാണ് വെള്ളിവില.

