പ്രസവാനന്തര ശുശ്രൂഷയ്ക്കെത്തി യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി വാട്സാപ്പിലൂടെ പ്രചരിപ്പിച്ച കേസ്; ഈറ്റ്കാരി അറസ്റ്റിൽ

കാസർകോട്: പ്രസവിച്ചു കിടക്കുന്ന യുവതിയുടെ പരിചരണത്തിനെത്തി, യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതായി പരാതി. സംഭവത്തിൽ കേസെടുത്ത കാസർകോട് ടൗൺ പൊലീസ് പ്രതിയായ 25കാരിയെ അറസ്റ്റു ചെയ്തു. കർണ്ണാടക സ്വദേശിനി സുലൈഖ റാസിയ ആണ് അറസ്റ്റിലായത്. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ 27കാരിയാണ് പരാതിക്കാരി. യുവതിയുടെ രണ്ടാമത്തെ പ്രസവ പരിചരണത്തിനാണ് സുലൈഖ എത്തിയത്. സെപ്തംബർ ഏഴിനും 20നും ഇടയിലുള്ള ദിവസങ്ങളിൽ പരിചരണത്തിൻ്റെ മറവിൽ യുവതിയുടെ ദൃശ്യങ്ങൾ രഹസ്യ ക്യാമറയിൽ പകർത്തി പലർക്കും വാട്സ്ആപ്പിൽ അയച്ചുകൊടുക്കുകയായിരുന്നുവെന്ന് പറയുന്നു. ദൃശ്യങ്ങൾ ലഭിച്ചവരുടെ കൂട്ടത്തിൽ സുലൈഖ റാസയുടെ ഭർത്താവും ഉൾപ്പെടുന്നു. പ്രതിയുടെ മൊബൈൽ ഫോൺ പരാതിക്കാരിയായ യുവതി അവിചാരിതമായി നോക്കിയപ്പോഴാണ് പ്രചരിപ്പിച്ചതായുള്ള കാര്യം വ്യക്തമായത്. തുടർന്ന് യുവതി വീട്ടുകാരെ വിവരം അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പ്രതിയുടെ ഭർത്താവുമായി ചേർന്ന് ബ്ലാക്ക് മെയ്ലിംഗ് നടത്തുകയായിരുന്നോ യുവതിയുടെ പദ്ധതിയെന്ന് സംശയിക്കുന്നു. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

