80 വയസ്സുള്ള നീലേശ്വരം സ്വദേശിയായ ഡോക്ടറെ ഭീഷണിപ്പെടുത്തി ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 1.19 കോടി രൂപ തട്ടിയെടുത്ത കേസ്; പ്രതി പിടിയിൽ

കാസർകോട്: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസ്സുകാരനായ ഡോക്ടറെ ഭീഷണിപ്പെടുത്തി വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്നായി 1.19 കോടി രൂപയിലധികം തട്ടിയെടുത്ത കേസിൽ പ്രതി മലപ്പുറം മേലാറ്റൂർ എടയാറ്റൂർ ചുറകുത്ത് ഹൗസിൽ വി.ഷംസാദ് ചുറകുത്ത് ഹൈദരാബാദ് വിമാനത്താവളത്തിൽ പിടിയിൽ.
2025 നവംബർ 24 മുതൽ ഡിസംബർ 17 വരെയുള്ള കാലയളവിലാണ് സംഭവം. കാസർകോട് നീലേശ്വരം സ്വദേശിയായ ഡോക്ടറെ ഫോണിലൂടെയും വാട്സാപ് വിഡിയോ കോളിലൂടെയും ബന്ധപ്പെട്ട പ്രതികൾ മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി. മണി ലോണ്ടറിങ് കേസിൽ ഡോക്ടർ ഉൾപ്പെട്ടിട്ടുണ്ടെന്നും ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.
കേസിൽ അറസ്റ്റ് ഒഴിവാക്കുന്നതിനും റിസർവ് ബാങ്കിന്റെ പരിശോധനയ്ക്കുമായി പണം കൈമാറണമെന്ന് വിശ്വസിപ്പിച്ചാണ് വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് 1,19,35,000 രൂപ പ്രതികൾ നിർദേശിച്ച അക്കൗണ്ടുകളിലേക്ക് അയപ്പിച്ചത്. തുടർന്ന് കാസർകോട് സൈബർ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിൽ, പരാതിക്കാരന്റെ നീലേശ്വരത്തെ കനറാ ബാങ്ക് അക്കൗണ്ടിൽനിന്ന് 2025 ഡിസംബർ 17ന് തട്ടിയെടുത്ത 46,25,000 നാഗാലാൻഡിലെ പുരാന ബസാർ ശാഖയിലുള്ള ആക്സിസ് ബാങ്കിന്റെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തി.ഇതേദിവസം ഈ തുകയിൽനിന്ന് 9,60,000 രൂപ രണ്ട് ഇടപാടുകളിലായി പ്രതിയായ ഷംസാദിന്റെ പേരിലുള്ള സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ മഞ്ചേരി ശാഖയിലെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തി. ഇതിൽ 9 ലക്ഷം രൂപ ചെക്ക് മുഖേന പിൻവലിച്ച് ചെലവഴിച്ചതായും തിരിച്ചറിഞ്ഞു.പ്രതിയെക്കുറിച്ചുള്ള അന്വേഷണത്തിൽ ഇയാൾ വിദേശത്ത് ജോലി ചെയ്തുവരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. 2026 സെപ്റ്റംബർ 17ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷനൽ എയർപോർട്ടിലെത്തിയ പ്രതിയെ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവച്ചതായി കാസർകോട് സൈബർ പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചു.
കാസർകോട് ജില്ലാ പൊലീസ് മേധാവി പി.നിധിൻരാജ്, സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.രാജീവൻ എന്നിവരുടെ നിർദേശപ്രകാരം കാസർകോട് സൈബർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ എസ്ഐ നൗഷാദ്, എഎസ്ഐമാരായ രഞ്ജിത്ത് കുമാർ, ദിലീഷ്, സിപിഒ വിപിൻ എന്നിവർ ഹൈദരാബാദിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പൊലീസ് ഉദ്യോഗസ്ഥർ വിഡിയോ കോളിലൂടെ ഡിജിറ്റൽ അറസ്റ്റ് ചെയ്യുകയോ കേസ് ഒഴിവാക്കുന്നതിനായി ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറാൻ ആവശ്യപ്പെടുകയോ ചെയ്യില്ലെന്നും ഇത്തരം കോളുകൾ ലഭിച്ചാൽ ഭയപ്പെടാതെ ഉടൻ ഫോൺ സംഭാഷണം അവസാനിപ്പിക്കുകയും പണം കൈമാറാതിരിക്കുകയും വേണമെന്നും സൈബർ പൊലീസ് അറിയിച്ചു.സൈബർ തട്ടിപ്പിന് ഇരയായാൽ 1930 എന്ന ദേശീയ സൈബർ ക്രൈം ഹെൽപ്ലൈൻ നമ്പറിൽ ഉടൻ ബന്ധപ്പെടുകയോ നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി പരാതി നൽകുകയോ ചെയ്യണം. തട്ടിപ്പ് നടന്ന ഉടൻ പരാതി നൽകുന്നത് പണം വീണ്ടെടുക്കുന്നതിനുമുള്ള അന്വേഷണത്തിൽ നിർണായകമാണ്.

