നിവേദ്യ മക്കളെ കൊന്നത് അതിക്രൂരമായി; ജെനിഫറിനെ ബലമായി വെള്ളത്തിൽ മുക്കി, റോബിന്റെ മുതുകിൽ പിടിച്ച് താഴ്ത്തി

കൊഴിഞ്ഞാമ്പാറ: മേനോൻപാറ കൂരാങ്കാട്ടിൽ അമ്മ മക്കളെ കൊലപ്പെടുത്തിയത് ക്രൂരമായെന്ന് പൊലീസ്. വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺ കുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റിഫർ (3) എന്നിവരാണ് കൊല്ലപ്പെട്ടത്. നിവേദ്യയെ പൊലീസ് അറസ്റ്റു ചെയ്തു.
കുളിമുറിയിലെ സിമന്റ് ടാങ്കിനരികിൽ കളിക്കുകയായിരുന്ന മകൾ ജെനിഫർ ജൂലിയറ്റിന്റെ തലയിൽ ബലമായി പിടിച്ചു വെള്ളത്തിൽ മുക്കി മരണം ഉറപ്പാക്കിയ ശേഷം, സമീപത്തു കളിച്ചുകൊണ്ടിരുന്ന മകൻ റോബിൻ ക്രിസ്റ്റിഫറിനെ വെള്ളത്തിലേക്ക് എടുത്തിട്ടു മുതുകിൽ പിടിച്ചു താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് നിവേദ്യയുടെ മൊഴിയെന്നു പൊലീസ് പറഞ്ഞു. ടാങ്കിൽ മുക്കാൽ ഭാഗത്തോളം മാത്രമാണു വെള്ളമുണ്ടായിരുന്നത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ശരീരത്തിൽ മറ്റു പാടുകളോ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ ഇല്ലാത്തതും ശ്വാസകോശത്തിൽ വെള്ളം കയറിയതുമെല്ലാമാണു മുങ്ങിമരണമാകാം എന്നുള്ള നിഗമനത്തിൽ അന്വേഷണസംഘത്തെ എത്തിച്ചത്. കോടതിയിൽ ഹാജരാക്കിയ നിവേദ്യയെ റിമാൻഡ് ചെയ്തു. സ്വതന്ത്രമായ ജീവിതത്തിനും മോഡലിങ് പഠിക്കണമെന്ന ആഗ്രഹത്തിനും കുട്ടികൾ തടസ്സമായതിനാൽ കൊന്നതാണെന്നാണ് അമ്മ കുറ്റസമ്മതം നടത്തിയത്.
∙ കുരുന്നുകളെ കൊന്നതെന്തിന്?
വാടകവീട്ടിലെ കുളിമുറിയിലുള്ള ജലസംഭരണിയിൽ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് അമ്മ കുറ്റസമ്മതം നടത്തിയെങ്കിലും എന്തിനുവേണ്ടിയാണ് ഈ ക്രൂരതയെന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരമില്ല. പഴണിയാർപാളയം സ്വദേശിയായ ജോൺ കുമാറും എറണാകുളം സ്വദേശിനിയായ നിവേദ്യയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. എന്നാൽ നിയമപരമായി വിവാഹിതരായിട്ടില്ലെന്നാണു ബന്ധുക്കൾ പറയുന്നത്. കുറച്ചുനാളായി ഇരുവരും തമ്മിൽ വഴക്കു പതിവാണെന്നു ബന്ധുക്കൾ പറഞ്ഞതായി പൊലീസ് പറഞ്ഞു. 2 മാസം മുൻപാണ് മേനോൻപാറ കൂരാങ്കാട്ടിലെ വാടകവീട്ടിൽ ഇവർ താമസത്തിനെത്തിയത്.
അന്നു മുതൽ ജെനിഫറും റോബിനും കുളിമുറിയിലെ ജലസംഭരണിയിൽ ഇറങ്ങി കളിക്കുന്നതു പതിവാണെന്നു ജോൺ കുമാർ പറഞ്ഞു. ഇരുവരും ഒരുമിച്ചു മുങ്ങിമരിക്കാനുള്ള സാധ്യത തീരെ കുറവാണെന്നും ജോൺ കുമാർ പറഞ്ഞു. നിവേദ്യ കുട്ടികളെ കാര്യമായി ശ്രദ്ധിക്കാറില്ലെന്നും അവരുടെ മരണത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടെങ്കിൽ അതു പുറത്തുവരണമെന്ന ഉദ്ദേശത്തോടെയാണു പരാതി നൽകിയതെന്നു ജോൺ കുമാറിന്റെ സഹോദരി ബെൻസി പറഞ്ഞു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടേതു മുങ്ങിമരണമാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. നടപടിക്രമങ്ങളുടെ ഭാഗമായി കുട്ടികളുടെ മാതാപിതാക്കളോടു കാര്യങ്ങൾ ചോദിച്ചറിയാനുള്ള നടപടികൾ ചെയ്യുന്നതിനിടെയാണ് കുട്ടികളെ താനാണു കൊന്നതെന്ന് അമ്മ പറയുന്നുവെന്നു പറഞ്ഞ് പൊലീസ് സ്റ്റേഷനിലേക്കു ഫോൺ വരുന്നത്. ഉടൻ പൊലീസ് പഴണിയാർപാളയത്തെ വീട്ടിലെത്തി. നാട്ടുകാർ കൂടുകയും ബഹളമാവുകയും ചെയ്തതോടെ പൊലീസ് നിവേദ്യയെ കൊഴിഞ്ഞാമ്പാറ സ്റ്റേഷനിലെത്തിച്ചു.
പിന്നീട് ചോദ്യം ചെയ്യലിൽ താൻ തന്നെയാണു കൊന്നതെന്നു നിവേദ്യ സമ്മതിച്ചു. എന്നാൽ കുട്ടികളെ കൊല്ലാനുള്ള കാരണമെന്താണെന്ന ചോദ്യത്തിനു മറുപടിയുണ്ടായില്ല. സ്വതന്ത്രമായി ജീവിക്കാനും മോഡലിങ് പഠിക്കാനും കുട്ടികൾ തടസ്സമാണെന്നുള്ള ഉത്തരം നൽകിയെങ്കിലും പൊലീസ് അക്കാര്യം പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതിയുടെ മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധിച്ചാൽ കാര്യങ്ങൾക്കു കുറച്ചുകൂടി വ്യക്തത വരുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞു.

