രാജസ്ഥാനിൽ ബിജെപി മുൻ എംഎൽഎയെ ജനക്കൂട്ടം അടിച്ചു കൊലപ്പെടുത്തി

ജയ്പുർ: രാജസ്ഥാനിലെ ഭരത്പുരിൽ ബിജെപി മുൻ എംഎൽഎയെ രോഷാകുലരായ ജനക്കൂട്ടം വടികൊണ്ടു അടിച്ചു കൊലപ്പെടുത്തി. മുൻ ബിജെപി എംഎൽഎ അതർ സിങ് ഭദാനയെയാണ് ഭോണ്ട ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരം ജനക്കൂട്ടം കൊലപ്പെടുത്തിയത്. ഖനനവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലും ബിജെപി നേതാവിന്റെ കൊലപാതകത്തിലും കലാശിച്ചത്.
ഹരിയാന സ്വദേശിയായ അതർ സിങ് ഭദാന 2003ലാണ് ബയാന നിയമസഭാ മണ്ഡലത്തിൽ നിന്നും രാജസ്ഥാൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2008 വരെ ഇദ്ദേഹം നിയമസഭാംഗമായിരുന്നു. പൊലീസ് നൽകുന്ന വിവരപ്രകാരം സംഘർഷമുണ്ടായ ഭോണ്ട ഗ്രാമത്തിൽ മുൻ എംൽഎ ക്രഷർ യൂണിറ്റ് നടത്തിയിരുന്നു. ഇവിടെ അദ്ദേഹം സ്ഥലം പാട്ടത്തിനെടുത്ത് ഖനനവും നടത്തിയിരുന്നു. ഭാര്യയുടെ പേരിലായിരുന്നു ബിസിനസ് നടത്തിയിരുന്നത്. എന്നാൽ ഭോണ്ട, റായ്പുർ ഗ്രാമങ്ങളിലെ ജനങ്ങൾ കഴിഞ്ഞ രണ്ട് വർഷമായി ഖനനത്തിനു എതിരെ പ്രതിഷേധത്തിലായിരുന്നു. പലപ്പോഴായി ഇവർ ധർണ നടത്തുകയും വഴി തടയുകയും ചെയ്തിരുന്നു. ഖനന പ്രദേശത്തേക്ക് വാഹനങ്ങൾ കടന്നുപോകുന്നത് കന്നുകാലികൾക്കുള്ള മേച്ചിൽപ്പുറങ്ങൾ വഴിയാണെന്് ആരോപിച്ചാണ് ഗ്രാമവാസികൾ പ്രക്ഷോഭം നടത്തിയിരുന്നത്.
എന്നാൽ കോടതിയിൽ നിന്നും അനുമതി വാങ്ങി കഴിഞ്ഞ ദിവസം ക്രഷർ യൂണിറ്റ് പ്രവർത്തനം പുനരാരംഭിച്ചിരുന്നു. തുടർന്ന് ഞായറാഴ്ച വൈകിട്ട് മുൻ എംഎൽഎ ഭോണ്ട ഗ്രാമത്തിൽ എത്തിയപ്പോൾ ഗ്രാമവാസികൾ ഒത്തുകൂടുകയും ലാത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ മുൻ എംഎൽഎയെ ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും പിന്നീട് ജയ്പുരിലെ ആശുപത്രിയിലേക്കും മാറ്റി. എന്നാൽ രാത്രിയോടെ എംഎൽഎ മരിച്ചു. അതർ സിങ് ഭദാനയുടെ അംഗരക്ഷകനും ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. മുൻ എംഎൽഎയുടെ കൊലപാതകത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

