കാർ പറപ്പിച്ചത് 120 കി.മീ വേഗത്തിലെന്ന് സുഹൈൽ; ഉച്ചയ്ക്ക് വൈറ്റില ബാറിൽ, വൈകിട്ട് പാലാരിവട്ടത്ത്, രാത്രി നെടുമ്പാശേരി

നെടുമ്പാശേരി: അമിതവേഗത്തിലാണ് താൻ കാറോടിച്ചിരുന്നതെന്ന് മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിലെ പ്രതി ആലപ്പുഴ ആലിശേരി നൂഹ് മൻസിലിൽ സുഹൈൽ സജീവ് (19). വാഹനമോടിക്കുമ്പോൾ മദ്യലഹരിയിലായിരുന്നുവെന്നും എയർപോർട്ട് റോഡിലൂടെ 120 കിലോമീറ്റർ വേഗത്തിലാണ് വാഹനമോടിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
അപകടസമയത്തെ കാറിന്റെ വേഗമറിയാൻ വിദഗ്ധ പരിശോധന നടത്തും. അപകടസമയത്ത് കാറിലുണ്ടായിരുന്ന സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. കർണാടക സുള്ള്യ കനകമജലു സുണ്ണമൂല പെൽത്തടുക്ക പി.എ.ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ഇയാസ് (22), വയനാട് കൽപ്പറ്റ മടക്കിമല സന്തോഷ്ഭവനിൽ സന്തോഷിന്റെ മകൾ കെ.വി.ദേവിക (21), പാലക്കാട് മണ്ണാർക്കാട് കരിമ്പ ഇടക്കുറിശ്ശി നീലാറ്റ മുള്ളൻകുഴിയിൽ പ്രദീപിന്റെ മകൾ എം.പി.ഗോപിക (22) എന്നിവരാണു മരിച്ചത്. വിമാനത്താവള റോഡിൽ അത്താണി എയർപോർട്ട് സിഗ്നൽ കവലയ്ക്കു സമീപം ഇന്നലെ പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം.
അപകടം ഉണ്ടാക്കുന്നതിനു മുൻപ് സുഹൈൽ 3 ബാറുകളിൽ മദ്യപിച്ചതായി പൊലീസ് പറയുന്നു. 23 വയസ്സിനു താഴെ പ്രായമുള്ളയാൾക്ക് മദ്യം നൽകിയതിനു ബാറുകൾക്കെതിരെ കേസെടുത്തു. സുഹൃത്തിനൊപ്പം സുഹൈൽ ആദ്യം എത്തിയതു ഇടപ്പള്ളിയിലെ മാളിലേക്ക്. ഇവിടെ നിന്നിറങ്ങിയ ഇരുവരും വൈറ്റില എസ്എ റോഡിൽ പ്രവർത്തിക്കുന്ന ബാറിൽ കയറി മദ്യപിച്ചു. പിന്നീടു പോയതു കേവലം മൂന്നര കിലോമീറ്റർ മാത്രം അകലെ എൻഎച്ച് ബൈപാസിൽ പാലാരിവട്ടത്തിനു സമീപമുള്ള ബാറിലേക്ക്. ഇവിടെനിന്നു ഇടപ്പള്ളിയിലെ നക്ഷത്ര ഹോട്ടലിന്റെ ബാറിലെത്തി. മദ്യപാനവും ഭക്ഷണവും കഴിഞ്ഞ് രാത്രി 12 മണിക്കു ശേഷമായിരുന്നു എയർപോർട്ടിലേക്കുള്ള യാത്ര.

