KSDLIVENEWS

Real news for everyone

മദ്യപിച്ച് വാഹനമോടിച്ചെന്നില്ല, സുഹൈലിന്‍റെ പേരും എഫ്ഐആറിൽ ഇല്ല; രേഖപ്പെടുത്തിയത് കെ എൽ 07 സിആർ 1001 എന്ന കാറിന്‍റെ ഡ്രൈവറെന്ന് മാത്രം

SHARE THIS ON

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകട കേസിൽ അറസ്റ്റിലായ സുഹൈലിന്‍റെ പേര് എഫ്ഐആറിൽ ഇല്ല. കെ എൽ 07 സിആർ 1001 എന്ന കാറിന്‍റെ ഡ്രൈവര്‍ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിലാസവും അണ്‍നോൺ എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയത്. മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നും എഫ്ഐആറിൽ പറയുന്നില്ല. ഞായറാഴ്ച രാവിലെ 6.59നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പുലർച്ചെ 1.45ഓടെയായിരുന്നു അപകടം. എന്നിട്ടും പ്രതിയുടെ പേര് എഫ്ഐആറിൽ വന്നിട്ടില്ല. എന്നാൽ, എഫ്ഐആറിൽ പേരില്ല എന്ന വിവാദം അടിസ്ഥാനരഹിതമാണെന്നാണ് പൊലീസ് വിശദീകരണം. പ്രാഥമിക വിവര പ്രകാരമാണ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സുഹൈലിനെ പ്രതി ചേര്‍ത്തതെന്നും പൊലീസ് വിശദീകരിച്ചു. പ്രതിയെ രക്ഷിക്കാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉറപ്പും നൽകി.

കിഴക്കുനിന്ന് പടിഞ്ഞാറോട്ട് അമിതവേഗതയിൽ വരികയായിരുന്ന കെഎൽ 07 സിആർ 1001 നമ്പർ കാർ, അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന കെഎ 21 ഇഎ 1054 നമ്പർ സ്കൂട്ടറിന്‍റെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിലുണ്ടായിരുന്ന മൂന്ന് പേരും റോഡിലേക്ക് തെറിച്ചുവീഴുകയും തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂട്ടർ യാത്രികരായ ഇയാസ്, ദേവിക എന്നിവരെ ദേശം സിഎ ആശുപത്രിയിലേക്കും, ഗോപികയെ അങ്കമാലി താലൂക്ക് ആശുപത്രിയിലേക്കും എത്തിച്ചപ്പോഴേക്കും മൂവരുടെയും മരണം സംഭവിച്ചിരുന്നു എന്നും എഫ്ഐആറിൽ പറയുന്നു.
അതേസമയം, നെടുമ്പാശ്ശേരി വാഹനാപകട കേസിൽ പ്രതി സുഹൈൽ സജീവിനെ രക്ഷിക്കാൻ അട്ടിമറി നടക്കുന്നതായി സംശയമുണ്ടെന്ന് അപകടത്തിൽ മരിച്ച ഗോപിയുടെ കുടുംബം ആരോപിച്ചിട്ടുണ്ട്. മകനുവേണ്ടി കോടീശ്വരനായ വ്യവസായിയുടെ കുടുംബം സ്വാധീനം ഉപയോഗിക്കുന്നതായാണ് സംശയം. പ്രതിയെ ജുവനൈൽ ഹോമിലേക്ക് വിടാൻ പാടില്ലെന്നും പരമാവധി ശിക്ഷ നൽകണമെന്നും കുടുംബം ആവശ്യപ്പെട്ടു.

സാധാരണ കുടുംബത്തിൽ നിന്ന് വരുന്ന ഗോപികക്കെതിരെ മരണ ശേഷവും വലിയ സൈബർ അധിക്ഷേപമാണ് ഉണ്ടാകുന്നതെന്ന് കുടുംബം പരാതിപ്പെട്ടു. ഗോപികയുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്ത് തുന്നിക്കെട്ടിയ ശേഷം വീണ്ടും രക്ത സാംപിൾ ശേഖരിച്ചതിൽ സംശയമുണ്ട്. നീതി കിട്ടുമോ എന്ന് ഭയമുണ്ടെന്നും അച്ഛൻ പറഞ്ഞു. മകൾക്ക് നീതി കിട്ടണമെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഗോപികയുടെ അമ്മയും പ്രതികരിച്ചു.

വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികല ഉൾപ്പെടെ മകളെയും കുടുംബത്തെയും സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപിക്കുകയാണ്. ആലപ്പുഴക്കാരായ മന്ത്രിമാർ ആലപ്പുഴക്കാരായ കോടീശ്വരന്‍റെ സ്വാധീനത്തിന് വഴങ്ങരുതെന്ന് കുടുംബം അപേക്ഷിച്ചു. മരിച്ച ഗോപികയുടെ അച്ഛൻ പ്രദീപ് പാലക്കാട് കരിമ്പയിൽ ഓട്ടോറിക്ഷ തൊഴിലാളിയാണ്. അമ്മ സജിത ഒരു റബ്ബർ ഷീറ്റ് കടയിലാണ് ജോലി ചെയ്യുന്നത്. എറണാകുളത്ത് പാർട് ടൈം ജോലി ചെയ്ത് പഠിച്ച ഗോപിക കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു.

error: Content is protected !!