KSDLIVENEWS

Real news for everyone

നെടുമ്പാശേരി മിനികൂപ്പര്‍ അപകടം: അന്വേഷണത്തിന് പ്രത്യേക സംഘം; ബൈജു കെ പൗലോസിന് അന്വേഷണ ചുമതല

SHARE THIS ON

കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത എറണാകുളം നെടുമ്പാശേരി മിനികൂപ്പര്‍ അപകടത്തില്‍, അന്വേഷണത്തിന് പ്രത്യേക സംഘം. എറണാകുളം റൂറല്‍ എസ്പിയുടെ മേല്‍നോട്ടത്തിലാണ് സംഘം. ആലുവ ഡിവൈഎസ്പി ബൈജു കെ പൗലോസിനാണ് അന്വേഷണ ചുമതല. പ്രതി സുഹൈല്‍ സജീവിനായുള്ള പൊലീസ് കസ്റ്റഡി അപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചു. കസ്റ്റഡി അനിവാര്യം എന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ചു.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. റാഷ് ആന്‍ഡ് നെഗ്ലിജന്‍സ് ഡ്രൈവിംഗ് അപകടത്തിലേക്ക് നയിച്ചു. മരിച്ച കുട്ടികള്‍ക്ക് ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. പ്രായം കുറഞ്ഞവര്‍ എന്ന പരിഗണന പ്രതികള്‍ക്ക് നല്‍കരുതെന്നും മരിച്ചതും പ്രായം കുറഞ്ഞവര്‍ പ്രോസിക്യൂഷന്‍ വ്യക്തമാക്കി.പ്രതികള്‍ അമിതമായി മദ്യപിച്ചു എന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഉച്ച മുതല്‍ മദ്യപിക്കുന്നുണ്ട്, വീണ്ടും മാരിയറ്റ് ഹോട്ടലില്‍ മദ്യപിക്കാന്‍ ഒത്തുകൂടി. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ മനുഷ്യ ജീവന് അപകടം ഉണ്ടാകുമെന്ന് പ്രതികള്‍ക്ക് അറിയില്ലേ എന്നും പ്രോസിക്യൂഷന്‍ ചോദിച്ചു.

മരണം നീതികരിക്കുന്നില്ല എന്ന് വ്യക്തമാക്കിയ പ്രതിഭാഗം സത്യസന്ധമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ക്ക് വേണ്ടി അല്ല അന്വേഷണം നടത്തേണ്ടതെന്നും ചൂണ്ടിക്കാട്ടി. പ്രതികളെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചുവെന്നും ആരോപണമുണ്ട്. പ്രതികളുടെ അറസ്റ്റ് മാധ്യമങ്ങള്‍ ആഘോഷിച്ചു. അപകടത്തെ ന്യായീകരിക്കുന്നില്ല. മാധ്യമങ്ങളെ തൃപ്തിപ്പെടുത്താന്‍ പൊലീസ് ശ്രമിച്ചു പൊലീസ് ഈ കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിട്ടുണ്ട് എന്ന് പ്രതിഭാഗം ആരോപിച്ചു. സ്‌കൂട്ടറില്‍ സഞ്ചരിച്ച ആര്‍ക്കും ഹെല്‍മറ്റ് ഉണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി.

മിനി കൂപ്പര്‍ ഓടിച്ച സുഹൈല്‍ സജീവിന് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. അന്വേഷണത്തിലേ എഫ്‌ഐആറിലോ പൊലീസിന്റെ ഭാഗത്ത് നിന്ന് ബോധപൂര്‍വമായ വീഴ്ചകളുണ്ടായിട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി. പ്രതിയുടെ പേര് ചേര്‍ക്കാന്‍ വൈകിയതും മദ്യപിച്ചെന്ന് രേഖപ്പെടുത്താതിരുന്നതും സംശയകരമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മരിച്ച പെണ്‍കുട്ടികള്‍ക്കെതിരായ വര്‍ഗീയ പരാമര്‍ശങ്ങളെ സഭ ഒന്നടങ്കം അപലപിക്കുന്നുവെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

error: Content is protected !!