ഡൽഹി സമരം പ്രക്ഷുബ്ധം; ജന്തർ മന്തറിലേക്കുള്ള മാർച്ച് തടഞ്ഞ് പോലീസ്; റഹീം, നികേഷ് കുമാർ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും ജന്തർ മന്ദർ സമരംനടത്താൻ വിട്ടുതരണമെന്നാവശ്യപ്പെട്ടും ഡൽഹിയിൽ ഇന്നും പ്രക്ഷോഭം തുടരുന്നു. ഇടത് യുവജന വിഭാഗമായ എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ., എ.ഐ.വൈ.എഫ്. സംഘടനകൾ ജന്തർ മന്ദറിന് സമീപമുള്ള ഫിറോസ് ഷാ റോഡിൽ നടത്തിയ മാർച്ച് ഡൽഹി പോലീസും കേന്ദ്രസേനയും തടഞ്ഞു. എ.എ. റഹീം എം.പി., എം.വി. നികേഷ്കുമാർ, ജെയ്ക് സി. തോമസ്, പി.എം. ആർഷോ, ശിവദാസൻ ഉൾപ്പെടെയുള്ളവർ സമരത്തിന്റെ മുൻപന്തിയിലുണ്ട്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മലയാളികൾ ഉൾപ്പെടെ ഒട്ടേറെപ്പേരാണ് സമരത്തിനെത്തിയത്.
ഫിറോസ് ഷാ റോഡിന്റെ അവസാന ഭാഗത്തുനിന്ന് ജന്തർ മന്ദറിലേക്കാണ് മാർച്ച് ലക്ഷ്യമിട്ടിരുന്നതെങ്കിലും പോലീസും കേന്ദ്രസേനയും ഇടപെട്ട് വഴിയിൽ തടയുകയായിരുന്നു. ബാരിക്കേഡ് മറിച്ചിട്ടായിരുന്നു പ്രതിഷേധം. തുടർന്ന് അവിടെ കുത്തിയിരുന്നും പ്രതിഷേധം തുടർന്നു. പ്രവർത്തകരെ ബലം പ്രയോഗിച്ച് വാഹനങ്ങളിലേക്ക് വലിച്ചിഴച്ചു കയറ്റിയാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തവരെ വഹിച്ചുള്ള വാഹനം സ്ഥലത്തുനിന്ന് പുറപ്പെട്ടിട്ടുണ്ട്. പോലീസ്, ആർ.എ.എഫ്., സി.ആർ.പി.എഫ്. വിഭാഗം ഡൽഹിയിൽതന്നെ തുടരുന്നു.

