ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് കേസ്: 20 വർഷം മുമ്പത്തെ അന്വേഷണത്തിൽ അപാകതയില്ല; പുനരന്വേഷണ സാധ്യത മങ്ങി

തിരുവനന്തപുരം: വിജിലൻസ് കേസിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള പുനരന്വേഷണ സാധ്യത മങ്ങുന്നതായി റിപ്പോർട്ടുകൾ. 20 വർഷം മുമ്പ് നടന്ന പ്രാഥമിക അന്വേഷണത്തിൽ അപാകതകളൊന്നുമില്ലെന്നാണ് വിജിലൻസിന്റെ നിലവിലെ വിലയിരുത്തൽ. അന്ന് നടന്ന അന്വേഷണത്തിലെ ഫയലുകളും അതിലെ കണ്ടെത്തലുകളും കൃത്യമാണെന്ന് വിജിലൻസ് നടത്തിയ വെരിഫിക്കേഷനിൽ വ്യക്തമായിട്ടുണ്ട്.
ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരായ സമരം ശക്തമായ പശ്ചാത്തലത്തിലാണ് കോൺഗ്രസ് നേതാവിന്റെ പരാതിയെ തുടർന്ന് പഴയ അഴിമതി കേസിലെ പുനരന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല ഉത്തരവിട്ടത്. മുൻപ് കെ.എസ്.ടി.പി. എം.സി റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട് എഞ്ചിനീയറുടെ ആത്മഹത്യയുമായി ഉയർന്ന വിഷയങ്ങളിലായിരുന്നു അന്ന് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയത്. എന്നാൽ ഉയർന്ന ആരോപണങ്ങൾക്ക് കഴമ്പില്ലെന്നും അഴിമതിക്ക് തെളിവുകളില്ലെന്നും കണ്ടെത്തിയാണ് അന്ന് വിജിലൻസ് ഫയൽ ക്ലോസ് ചെയ്തിരുന്നത്.
നിലവിൽ അന്ന് ശേഖരിച്ച ഫയലുകൾ പുനഃപരിശോധിച്ച വെരിഫിക്കേഷനിൽ പഴയ അന്വേഷണത്തിൽ യാതൊരുവിധ അപാകതകളും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അന്ന് സ്വീകരിച്ച നിലപാടുകൾക്ക് കൃത്യമായ തെളിവുകൾ ഫയലിലുണ്ടെന്ന് വിലയിരുത്തപ്പെട്ടതോടെയാണ് കേസിൽ ഇനി പുനരന്വേഷണം സാധ്യമാകുമോ എന്ന കാര്യത്തിൽ സംശയം ഉയർന്നത്. ഇതോടെ കേസ് വീണ്ടും അന്വേഷിക്കാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.
അതിനിടെ, ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരുന്നപ്പോൾ കൈക്കൂലി ചോദിച്ചു എന്ന് ആരോപിച്ച് കൊല്ലം സ്വദേശിയായ ഒരാൾ വിജിലൻസ് ഡയറക്ടർക്ക് പുതിയ പരാതി നൽകിയിട്ടുണ്ട്. എന്നാൽ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ നൽകിയ പരാതിയായതിനാൽ ഇതിൽ നേരിട്ട് കേസെടുക്കാൻ വിജിലൻസിന് കഴിയില്ല. അതിനാൽ എന്ത് നിലപാട് സ്വീകരിക്കണം എന്ന് അറിയുന്നതിനായി വിജിലൻസ് ഡയറക്ടർ ഈ പരാതി ആഭ്യന്തര വകുപ്പിന് അയച്ചു നൽകിയിട്ടുണ്ട്.

