KSDLIVENEWS

Real news for everyone

സിബിഎസ്ഇയിൽ വീണ്ടും വെട്ടിനിരത്തൽ: ഒൻപത്, പത്ത് ക്ലാസുകളിലെ പ്രധാന വിഷയങ്ങൾ ഒഴിവാക്കി

SHARE THIS ON

ന്യൂഡൽഹി: സിബിഎസ്ഇ പാഠ്യപദ്ധതിയിൽ വീണ്ടും വ്യാപക വെട്ടിനിരത്തൽ. 2026-27 അധ്യയന വർഷത്തെ ഒൻപതാം ക്ലാസ് പാഠ്യപദ്ധതിയിൽ നിന്ന് കമ്പ്യൂട്ടേഷണൽ തിങ്കിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ‘ഇൻഡിവിജ്വൽസ് ഇൻ സൊസൈറ്റി’ എന്നീ വിഷയങ്ങളാണ് ഒഴിവാക്കിയത്. അടുത്ത വർഷം (2027-28) പത്താം ക്ലാസിലെത്തുന്ന വിദ്യാർഥികൾക്ക് പാരിസ്ഥിതിക പഠനവും ബോർഡ് ഒഴിവാക്കിയിട്ടുണ്ട്.

വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള കേഡർ നീക്കങ്ങളുടെ തുടർച്ചയാണിതെന്ന വിമർശനം ഉയർന്നുകഴിഞ്ഞു. ശാസ്ത്രീയ ചിന്തകളും സാമൂഹികാവബോധവും വളർത്തുന്ന വിഷയങ്ങൾ ഒന്നൊന്നായി പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യുകയാണ് കേന്ദ്രം

മുൻ വർഷങ്ങളിലും സിബിഎസ്ഇയും എൻസിഇആർടിയും സമാനമായ രീതിയിൽ സംഘപരിവാർ അജണ്ടയ്ക്ക് അനുസൃതമായി വെട്ടിനിരത്തലുകൾ നടത്തിയിരുന്നു. മുഗൾ ഭരണകാലം, ഡൽഹി സുൽത്താനേറ്റ്, സ്വാതന്ത്ര്യ സമരത്തിലെ നവോഥാന പ്രസ്ഥാനങ്ങളുടെ പങ്ക് എന്നിവ പാഠഭാഗങ്ങളിൽ നിന്ന് മുൻപ് വെട്ടിമാറ്റി. ജനാധിപത്യ പ്രസ്ഥാനങ്ങൾ, ജനകീയ സമരങ്ങൾ, സാമൂഹിക പ്രസ്ഥാനങ്ങൾ, വർഗീയതയുമായി ബന്ധപ്പെട്ട പഠനഭാഗങ്ങൾ എന്നിവ ഹയർ സെക്കൻഡറി ക്ലാസുകളിൽ നിന്ന് നീക്കം ചെയ്തു.

ഒൻപത്, പത്ത് ക്ലാസുകളിലെ സയൻസ് പുസ്തകങ്ങളിൽ നിന്ന് ഡാർവിന്റെ വികാസപരിണാമ സിദ്ധാന്തം, പീരിയോഡിക് ടേബിൾ എന്നിവയിലെ പ്രധാന ഭാഗങ്ങൾ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. സാമൂഹിക യാഥാർത്ഥ്യങ്ങളെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും ചോദ്യം ചെയ്യാനുള്ള വിദ്യാർഥികളുടെ ശേഷിയെ തളർത്താനാണ് കേന്ദ്ര സർക്കാർ ഇത്തരത്തിലുള്ള നീക്കങ്ങളിലൂടെ ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!