കോവിഡ് നിയന്ത്രണങ്ങൾക്ക് നേരിയ ഇളവ്; കണ്ടെയ്ന്‍മെന്റ് സോണിലൊഴികെ എല്ലാ കടകളും രാവിലെ 8 മുതല്‍ രാത്രി 9 വരെ തുറക്കാം
കാസര്‍കോട്: കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 9 മണി വരെ എല്ലാ കടകളും തുറക്കുന്നതിന് മന്ത്രി ഇ. ചന്ദ്രശേഖരന്റെ സാന്നിധ്യത്തില്‍ നടന്ന വ്യാപാര മേഖലയിലെ നേതാക്കളുടെ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ തീരുമാനമായതായി അറിയുന്നു. മംഗളൂരുവിലേക്ക് ഡെയ്‌ലി പാസ് അനുവദിക്കാന്‍ ആലോചിക്കുന്നതായും സൂചന ഉണ്ട്. നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.ദേശീയ പാതയിലെയും കെ.എസ്.ടി.പി. റോഡരികിലെയും ഒഴികെയുള്ള ഹോട്ടലുകളില്‍ രാവിലെ 8 മണി മുതല്‍ രാത്രി 9മണി വരെ ഇരുത്തി ഭക്ഷണം നല്‍കാം. ദേശീയ പാതയിലെയും കെ.എസ്.ടി.പി. റോഡിലെയും ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ ആയി മാത്രമേ ഭക്ഷണം വിതരണം ചെയ്യാവൂ. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് 5 മണി വരെ അവശ്യ വസ്തു വില്‍പ്പന കടകള്‍ മാത്രമേ തുറക്കാവൂ. യോഗത്തില്‍ മന്ത്രിക്ക് പുറമെ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു, ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പ എന്നിവരും വ്യാപാരമേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനകളിലെ നേതാക്കളായ കെ.അഹ്മദ് ഷരീഫ്, രാഘവന്‍ വെളുത്തോളി, നാരായണ പൂജാരി, കെ.ജെ. ഇമ്മാനുവല്‍, ബാലന്‍, ഗോകുല്‍ ദാസ് തുടങ്ങിയവരും സംബന്ധിച്ചു.