കരിപ്പൂർ അപകടം മരണം 17 ആയി. മുഴുവൻ ആളുകളേയും പുറത്തെത്തിച്ചു. കരിപ്പൂരിലേക്കുള്ള വിമാനങ്ങൾ വഴി തിരിച്ചുവിട്ടു.
കരിപ്പൂര്‍ | കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാൻഡിംഗിനിടെ ഉണ്ടായ വിമാന ദുരന്തം. പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തേ അടക്കം 17 പേര് മരിച്ചു. 123 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ 15 പേരുടെ നില ഗുരുതരമാണ്. വിമാനത്തിന് തീപിടിക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി 30 അടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. വിമാനം രണ്ടായി പിളര്‍ന്നു.
ദുബൈ-കോഴിക്കോട് 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് രാത്രി 7.41ഓടെ അപകടത്തില്‍ പെട്ടത്. ലാന്‍ഡിംഗ് നടത്തി റണ്‍വേയിലൂടെ ഓടിക്കൊണ്ടിരിക്കുന്നതിനിടെ വിമാനം തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. കൊണ്ടോട്ടി കുന്നുംപുറം ഭാഗത്തേക്കാണ് വിമാനം പതിച്ചത്. വിമാനം മതിലില്‍ ഇടിച്ചു നില്‍ക്കുകയും രണ്ടായി പിളരുകയും ചെയ്തു. മുന്‍വാതിലിനും കോക്പിറ്റിനും ഇടയിലാണ് വിമാനം പിളര്‍ന്നത്. 174 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.