KSDLIVENEWS

Real news for everyone

എലുരുവിലെ അജ്ഞാരോഗം; കീടനാശിനി അല്ല ; കുടിവെള്ളത്തില്‍ കലര്‍ന്ന ലോഹാംശം മൂലമെന്ന് പ്രാഥമിക കണ്ടെത്തല്‍

SHARE THIS ON

എളൂര് (ആന്ധ്ര): ആന്ധ്രയില്‍ ഭീതിവിതച്ച അജ്ഞാത രോഗത്തിനു കാരണം കുടിവെള്ളത്തിലെ ലോഹാംശമെന്ന് കണ്ടെത്തല്‍. കുടിവെള്ളത്തിലും പാലിലും ലെഡ്, നിക്കല്‍ എന്നിവയുടെ അംശം കൂടിയതാണ് രോഗത്തിനു കാരണമെന്ന് വിദഗ്ധ സംഘം റിപ്പോര്‍ട്ട് നല്‍കി. ഇതുവരെ അഞ്ഞൂറിലേറെപ്പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഒരാള്‍ മരിച്ചു.

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കേന്ദ്ര, സംസ്ഥാന ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നുള്ള വിദഗ്ധര്‍ അടങ്ങിയ സംഘം ഇതു സംബന്ധിച്ച്‌ മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിക്കു റിപ്പോര്‍ട്ട് നല്‍കി. കുടിവെള്ളത്തിലും പാലിലും കണ്ടെത്തിയ ലെഡ്, നിക്കല്‍ എന്നിവയുടെ സാന്നിധ്യമാവാം ആളുകളില്‍ അസ്വസ്ഥത ഉണ്ടാക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആളുകള്‍ നിന്ന നില്‍പ്പില്‍ ബോധരഹിതരായി മാറുകയും കുഴഞ്ഞുവീഴുകയും ചെയ്യുന്ന രോഗം മേഖലയില്‍ ഭീതി വിതച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി മുതലാണ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മൂന്നു മുതല്‍ അഞ്ചു മിനിറ്റു വരെ നീണ്ടുനില്‍ക്കുന്ന ചുഴലി, സ്മൃതി നഷ്ടം, ഉത്കണ്ഠ, ഛര്‍ദി, തലവേദന, നടുവേദന എന്നിവയാണ് രോഗലക്ഷണങ്ങള്‍.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജിയില്‍ തുടര്‍ പരിശോധനകള്‍ നടന്നുവരികയാണെന്നും അതിലെ ഫലം കൂടി അറിഞ്ഞ ശേഷമേ അന്തിമ നിഗമനത്തില്‍ എത്താനാവു എന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. രോഗബാധിതരായവരുടെ ശരീരത്തില്‍ ഉയര്‍ന്ന അളവില്‍ ലോഹാംശങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

505 പേരിലാണ് ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 370 പേര്‍ രോഗമുക്തി നേടി. 120 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. 19 പേരെ വിദഗ്ധ ചികിത്സയ്ക്കായി വിജയവാഡയിലേക്കും ഗുണ്ടൂരിലേക്കും മാറ്റി.

കീടനാശിനിയുടെ അംശമാവാം രോഗത്തിനു കാരണമെന്ന് നേരത്തെ വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന കീടനാശിനി, കൊതുകു നശീകരണി എന്നിവയിലെ രാസപദാര്‍ഥങ്ങള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമായെന്ന സംശയമാണ് അവര്‍ പ്രകടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!