പട്ടിണിയിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യ റേഷനും മരുന്നും, സാമ്പത്തിക സഹായവും നല്‍കണം: മുസ്ലിം ലീഗ്
കാസർകോട്: ജില്ലയുടെ തീരദേശ മേഖലകളിൽ രൂക്ഷമായ കടൽക്ഷോഭവും കൊറോണയും മൂലം മത്സ്യതൊഴിലാളി കുടുംബങ്ങൾ ദുരിതമനുഭവിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ.അബ്ദുല്ലയും ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാനും മുഖ്യമന്ത്രിക്കും ഫിഷറീഷ് വകുപ്പ് മന്ത്രിക്കും അയച്ച ഇമെയിൽ സന്ദേശത്തിൽ പരാതിപ്പെട്ടു.ജില്ലയിലെ പ്രധാനപ്പെട്ട തീരദേശ പ്രദേശങ്ങളായ മഞ്ചേശ്വരം, ഉപ്പളമുസ്സോടി, കുമ്പള, ആരിക്കാടി കടവത്ത്, കോയിപ്പാടി, പെർവാഡ് കടപ്പുറം, കൊപ്പളം, കാസർകോട് ചേരങ്കൈ, കസബ കടപ്പുറം, കീഴൂർ, ബേക്കൽ,പള്ളിക്കര, അജാനൂർ – കാഞ്ഞങ്ങാട് കടപ്പുറം, നീലേശ്വരം തൈക്കടപ്പുറം, ചെറുവത്തൂർ മടക്കര -തുരുത്തി, വലിയപറമ്പ – മാവിലാകടപ്പുറം എന്നീ തീരപ്രദേശങ്ങളിലെ ആയിരക്കണക്കിൽ മത്സ്യതൊഴിലാളി കുടുംബങ്ങൾ ദിവസങ്ങളായി പട്ടിണിയിലാണ്. .ജോലി ചെയ്യാൻ സാധിക്കാത്തത് മൂലം പട്ടിണിയിലായ മുഴുവൻ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും സൗജന്യ റേഷനും, മരുന്നും, സാമ്പത്തിക സഹായവും നൽകണമെന്ന് ലീഗ് നേതാക്കൾ അവശ്യപ്പെട്ടു.