കരിപ്പൂര്‍ വിമാനദുരന്തം: നാല് മാസം പിന്നിടുമ്പോഴും ആശുപത്രി വിടാനാവാതെ തജിനയും 11ഉം 7ഉം വയസുള്ള മക്കളും; അപകടത്തില്‍ ഗര്‍ഭസ്ഥശിശുവും കാലും നഷ്ടപ്പെട്ടു

കോഴിക്കോട്: കരിപ്പൂര്‍ വിമാനദുരന്തം നടന്ന് നാല് മാസം പിന്നിടുമ്പോഴും ആശുപത്രി വിടാനാവാതെ തജിനയും 11ഉം ഏഴും വയസുള്ള മക്കളും ആശുപത്രിക്കിടക്കയില്‍ കഴിയുന്നു. തകര്‍ന്നുവീണ വിമാനത്തിലുണ്ടായിരുന്ന തജിന കെ പി പാറ (32), മകക്കളായ മുഹമ്മദ് ഹിഷാം (11), ഹാദിയ (7) എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. അതിനിടെ തജിനയുടെ ഗര്‍ഭസ്ഥശിശുവും കാലും നഷ്ടപ്പെട്ടു.
ഓഗസ്റ്റ് ഏഴിന് കരിപ്പൂരില്‍ ലാന്‍ഡിംഗിനിടെ തകര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ദുബൈയില്‍ നിന്നും നാട്ടിലേക്ക് വന്നതായരുന്നു തജിനയും മക്കളും. അപകടം നടന്നയുടെ ഗര്‍ഭിണിയായിരുന്ന തജിനയെ രക്ഷാപ്രവര്‍ത്തകര്‍ ആസ്റ്റര്‍ മിംസില്‍ പ്രവേശിപ്പിക്കുകയും തീവ്രപരിചരണ വിഭാഗത്തിലാക്കുകയും ചൈയ്തിരുന്നു. ഭര്‍ത്താവിനോടൊപ്പം ദുബൈയിലായിരുന്ന തജിന വിസിറ്റിംഗ് വിസ തീര്‍ന്നതോടെയാണ് മക്കളെയും കൂട്ടി നാട്ടിലേക്ക് തിരിച്ചത്.
വിമാനാപകടത്തിന്റെ പിറ്റേന്ന് തന്നെ ഭര്‍ത്താവ് അബ്ദുള്‍ റഷീദ് (36) കേരളത്തിലെത്തിയിരുന്നു. തുടര്‍ന്ന് മൂന്ന് വ്യത്യസ്ത ആശുപത്രികളില്‍ ഭാര്യയെ ചികിത്സിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഭര്‍ത്താവ് ദുബൈയിലെ ജോലിസ്ഥലത്തേക്ക് മടങ്ങിയത്. ഒരു ചിക്ക് ഫീഡ് നിര്‍മ്മാണ കമ്പനിയിലെ അക്കൗണ്ടന്റായ അബ്ദുള്‍ റഷീദ് ഗള്‍ഫ് ന്യൂസിന് നല്‍കിയ ഫോണ്‍ അഭിമുഖത്തില്‍ ഭാര്യയുടെയും മക്കളുടെയും പറഞ്ഞറിയിക്കാനാവാത്ത ദുരവസ്ഥ പങ്കുവെച്ചു.