തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെക്കും !? നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പം ലോക്സഭാ ഉപതിരഞ്ഞെടുപ്പും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ലോക്സഭാ അംഗത്വം രാജിവയ്ക്കുമെന്ന് സൂചന. നിമയസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഡല്‍ഹിയില്‍ കാര്യമായ ഇടപെടല്‍ നടത്താന്‍ മുസ്ലിം ലീഗിന് സാധിക്കുന്നില്ല. ഈ വേളയില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകാനാണ് കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം.
കുഞ്ഞാലിക്കുട്ടിയും അബ്ദുല്‍ വഹാബ് എം.പിയും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടാകുമെന്നാണ് വിവരം. മണ്ണാര്‍ക്കാട് എം.എല്‍.എ ഷംസുദ്ദീനെ ലോക്സഭയിലേക്ക് മത്സരിപ്പിക്കുമെന്നും കേള്‍ക്കുന്നു. മുസ്ലിം ലീഗ് കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ട് യു.ഡി.എഫില്‍ കരുത്താര്‍ജ്ജിക്കാനും ശ്രമിക്കുന്നുണ്ട്.ഈ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ സാന്നിദ്ധ്യം അനിവാര്യമാണെന്നാണ് നേതാക്കളുടെ പക്ഷം.
എം.എല്‍.എ ആയതിന് ശേഷം എം.പി സ്ഥാനം രാജിവച്ചാല്‍ മതിയെന്നാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. എന്നാല്‍, നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം ലോക്സഭ ഉപതിരഞ്ഞെടുപ്പും നടക്കുന്നത് പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യുമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം.
ലക്ഷ്യം കൂടുതല്‍ സീറ്റുകള്‍
2021ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ 2016നെക്കാള്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ കഴിയുമെന്നാണ് ലീഗ് അവകാശപ്പെടുന്നത്. നിലവിലെ സീറ്റുകള്‍ നിലനിറുത്താന്‍ കഴിയുന്നതിനോടൊപ്പം കോഴിക്കോട് ജില്ലയിലെ കൊടുവളളിയും കുന്ദമംഗലവും മലപ്പുറം ജില്ലയിലെ തവനൂര്‍ അടക്കമുളള മണ്ഡലങ്ങളും ഇടതുമുന്നണിയില്‍ നിന്ന് പിടിച്ചെടുക്കാന്‍ കഴിയുമെന്നും ലീഗ് കണക്കുകൂട്ടുന്നു. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിന് മാത്രമല്ല, മുന്നണിക്കും അനുകൂല ഘടകമായി മാറുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ.
കേന്ദ്രത്തിലെ കണക്കുകള്‍ പിഴച്ചു
സംസ്ഥാനത്തെ യു.ഡി.എഫ് തരംഗത്തില്‍ വന്‍ ഭൂരിപക്ഷത്തിലായിരുന്നു കുഞ്ഞാലിക്കുട്ടി രണ്ടാമതും ലോക്സഭയിലേക്ക് വിജയിച്ചത്. ബി.ജെ.പി ഇതര സര്‍ക്കാരായിരുന്നു കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നതെങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസ്ഥാനവും ഉറപ്പായിരുന്നു. എന്നാല്‍, വന്‍ ഭൂരിപക്ഷത്തോടെ മോദി വീണ്ടും അധികാരത്തിലെത്തിയോടെ ഈ കണക്ക് കൂട്ടലുകള്‍ തെറ്റി.
ഇതോടെയാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍ നിറുത്തി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ കുഞ്ഞാലിക്കുട്ടി ഒരുങ്ങിയത്. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഭരണം നഷ്ടമായ കോണ്‍ഗ്രസിന് കേരളത്തിലെ വിജയം അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങി വരവിന് കോണ്‍ഗ്രസും നിര്‍ബന്ധം പിടിക്കുകയായിരുന്നു.
ഇവിടെ സജീവം
ദേശീയ തലത്തിലേക്ക് മാറിയപ്പോഴും സംസ്ഥാനത്തെ മുന്നണി രാഷ്ട്രീയത്തില്‍ സജീവമായിരുന്നു കുഞ്ഞാലിക്കുട്ടി. കേരള കോണ്‍ഗ്രസ് എമ്മിലെ പ്രശ്നങ്ങളില്‍ പി.ജെ. ജോസഫ് വിഭാഗത്തെ കൂടെ നിറുത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു. എല്‍.ഡി.എഫിന് തുടര്‍ഭരണം ലഭിക്കില്ലെന്ന് തന്നെയാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.
ലക്ഷ്യം ഉപമുഖ്യമന്ത്രിസ്ഥാനവും അഞ്ച് മന്ത്രിമാരും
കഴിഞ്ഞ തവണ മത്സരിച്ച 24 സീറ്രുകളെക്കാള് ആറ് സീറ്റുകള്‍ ലീഗ് അധികം ചോദിക്കും. 30 സീറ്റുകള്‍ക്കായിരിക്കും അവകാശവാദം. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ അഞ്ച് മന്ത്രി സ്ഥാനങ്ങളും കഴിഞ്ഞ തവണത്തേത് പോലെ ലീഗ് ലക്ഷ്യമിടുന്നു. കുഞ്ഞാലിക്കുട്ടിയെ ഉപമുഖ്യമന്ത്രിയാക്കി കൊണ്ടുളള സര്‍ക്കാരിനെപ്പറ്റി ലീഗ് നേതാക്കള്‍ അടക്കം പറച്ചില് ആരംഭിച്ചിട്ടുണ്ട്. നിയമസഭയിലേക്ക് മത്സരിക്കാന്‍ വേങ്ങര തന്നെയാകും കുഞ്ഞാലിക്കുട്ടി തിരഞ്ഞെടുക്കുക. കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവില്‍ അസംതൃപ്തിയുളള നേതാക്കളും ലീഗിലുണ്ട്. നിലവിലെ പ്രതിപക്ഷ ഉഫനേതാവായ എം.കെ. മുനീറിന് കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവോടെ മുന്‍ഗണന നഷ്ടമാകും.
2016ലെ കണക്ക് ഇങ്ങനെ
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 47 സീറ്റിലായിരുന്നു യു.ഡി.എഫിന് വിജയിക്കാന്‍ കഴിഞ്ഞത്. മത്സരിച്ച സീറ്റുകളുടെ എണ്ണം പരിഗണിക്കുമ്ബോള്‍ യു.ഡി.എഫില്‍ മികച്ച നേട്ടം ഉണ്ടാക്കിയത് മുസ്ലിംലീഗായിരുന്നു. 87 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 22 സീറ്റില്‍ മാത്രം വിജയിച്ചപ്പോള്‍ 24 സീറ്റില്‍ മത്സരിച്ച ലീഗിന് 18 സീറ്റില്‍ വിജയിക്കാന്‍ സാധിച്ചു. മുന്നണി കനത്ത തിരിച്ചടി നേരിട്ടപ്പോഴായിരുന്നു ലീഗിന്റെ ഈ പ്രകടനം എന്നതും ശ്രദ്ധേയമാണ്