സ്കൂൾ വാടക കുടിശിക രണ്ടു കോടി ; കെട്ടിടം ഒഴിഞ്ഞില്ലെങ്കിൽ നടപടി ; രജനീകാന്തിന്റെ ഭാര്യയ്ക്ക് കോടതിയുടെ അന്ത്യശാസനം
സൂപ്പര്‍താരം രജനീകാന്തിന്റെ ഭാര്യ ലതക്ക് അന്ത്യശാസനവുമായി മദ്രാസ് ഹൈക്കോടതി. വാടക കുടിശ്ശിക നല്‍കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് വിമര്‍ശനം. ലത നടത്തുന്ന സ്കൂളിന്റെ കെട്ടിടം അടുത്ത ഏപ്രില്‍ 31നകം ഒഴിഞ്ഞില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്.
ശ്രീ രാഘവേന്ദ്ര എജ്യുക്കേഷന്‍ സൊസൈറ്റി സെക്രട്ടറിയായ ലതയുടെ നേതൃത്വത്തിലുള്ള സ്കൂളില്‍ അടുത്ത അധ്യയന വര്‍ഷം പുതിയ കുട്ടികളെ പ്രവേശിപ്പിക്കുന്നതും കോടതി തടഞ്ഞു. ഗിണ്ടിയില്‍ വാടക കെട്ടിടത്തിലാണ് വര്‍ഷങ്ങളായി സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ വാടക ഇനത്തില്‍ ഉടമകള്‍ക്ക് രണ്ട് കോടി കൊടുക്കാനുണ്ടായിരുന്നു. ഇതു കാണിച്ച് നേരത്തെ ഉടമകള്‍ കോടതിയെ സമീപിച്ചിരുന്നു.
പിന്നീട് കെട്ടിട ഉടമകളും സൊസൈറ്റിയും തമ്മില്‍ കോടതിക്കു പുറത്തു ധാരണയായി. ഈ വര്‍ഷം ഏപ്രിലില്‍ 31നകം കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്ന ഒത്തുതീര്‍പ്പില്‍ എത്തിയെങ്കിലും കോവിഡ് കാരണം പാലിക്കാനായില്ലെന്നും കാലാവധി അടുത്ത വര്‍ഷം ഏപ്രില്‍ 31 വരെ നീട്ടണമെന്നും എജ്യുക്കേഷന്‍ സൊസൈറ്റി ആവശ്യപ്പെട്ടിരുന്നു.