നടിയെ അപമാനിച്ച കേസ്; മാപ്പ് പറയാന്‍ തയ്യാറാണെന്ന് പ്രതികള്‍, ഉടന്‍ കീഴടങ്ങിയേക്കും

കൊച്ചി: കൊച്ചിയിലെ ഷോപ്പിങ് മാളിൽ യുവനടിയെ അപമാനിച്ച പ്രതികൾ ഉടൻ കീഴടങ്ങിയേക്കും. നടിയോട് മാപ്പ് പറയാൻ തയ്യാറാണെന്നും നിയമോപദേശം കിട്ടിയതുകൊണ്ടാണ് ഒളിവിൽ പോയതെന്നും മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ പ്രതികൾ പറഞ്ഞു.
കൊച്ചി ഷോപ്പിങ് മാളിലെ ഹൈപ്പർമാർക്കറ്റിൽ വെച്ചാണ് നടിയെ കണ്ടത്. അത് നടിയാണോ എന്നുറപ്പുണ്ടായിരുന്നില്ല. മറ്റൊരു കുടുംബമെത്തി ഫോട്ടോ എടുക്കുന്നത് കണ്ടപ്പോഴാണ് നടിയാണെന്ന് ഉറപ്പിച്ചത്. അപ്പോൾ അവരുടെ സമീപത്തേക്ക് പോയി എത്ര സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്ന് ചോദിച്ചു. നടിയുടെ സഹോദരിയാണ് ഗൗരവത്തോടെ മറുപടി തന്നത്. അപ്പോൾ തന്നെ തിരിച്ചുവന്നിരുന്നു. നടിയുടെ പിറകെ നടന്നിട്ടില്ല. അറിഞ്ഞുകൊണ്ട് നടിയുടെ ശരീരത്തിൽ സ്പർശിച്ചിട്ടില്ല. നടിയോടും കുടുംബത്തോടും ക്ഷമചോദിക്കുന്നുവെന്നും പ്രതികൾ പറഞ്ഞു.
വ്യാഴാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. കുടുംബത്തോടൊപ്പം കൊച്ചിയിലെ മാളിൽ എത്തിയ തന്നെ രണ്ട് ചെറുപ്പക്കാർ അപമാനിച്ചെന്നും ശരീരത്തിൽ സ്പർശിച്ചശേഷം പിന്തുടർന്നുവെന്നും നടി സാമൂഹിക മാധ്യമത്തിലൂടെയാണ് വെളിപ്പെടുത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട കൊച്ചി സിറ്റി പോലീസ് കമ്മിഷണർ വിജയ് സാഖറെ അന്വേഷണം നടത്താൻ കളമശ്ശേരി പോലീസിന് നിർദേശം നൽകുകയായിരുന്നു