മുഖ്യമന്ത്രി പറഞ്ഞത് അസംബന്ധം: കോണ്‍ഗ്രസ് നേതൃത്വത്തെ തീരുമാനിക്കുന്നത് അവര്‍തന്നെ- കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: കോൺഗ്രസിന്റെ നേതൃത്വത്തെ തീരുമാനിക്കുന്നത് ആ പാർട്ടിയാണെന്നും അത് കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നമാണെന്നും മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എംപി. ആ കെണിയിൽ തങ്ങളെ കുടുക്കാനാകില്ല. മുഖ്യമന്ത്രിയുടെ ഫെയസ്ബുക്ക് പോസ്റ്റ് അസംബന്ധമാണ്. മുസ്ലീം ലീഗ് വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്നും പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കാൻ കോൺഗ്രസിന് അറിയാമെന്നും പി.കെ കുഞ്ഞാലിക്കുട്ടി
“തദ്ദേശ തിരഞ്ഞെടുപ്പിൽ ലീഗ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സി.പി.എമ്മും കോൺഗ്രസും കഴിഞ്ഞാൽ മികച്ച ഫലമുണ്ടാക്കിയത് ലീഗാണ്. ഇതിലുള്ള അസൂയകൊണ്ടാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഇടത് നേതാക്കൾ ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിച്ചത്”, കുഞ്ഞാലിക്കുട്ടി വിമർശിച്ചു.
“ലോട്ടറി അടിച്ചതിന് സമാനമായ വിജയമാണ് എൽ.ഡി.എഫിനുണ്ടായത്. വരുന്ന തിരഞ്ഞെടുപ്പിൽ അത് കൈമോശം വരുമോയെന്ന ഭയം എൽ.ഡി.എഫിനുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ശക്തമായി തിരിച്ചുവരും. ലീഗ് ഉൾപ്പെടെയുള്ള യു.ഡി.എഫ് ഘടകക്ഷികളുടെ മുന്നേറ്റം എൽ.ഡി.എഫ് ഭയപ്പെടുന്നു. അതിനാൽ യു.ഡി.എഫ് മുന്നേറ്റം തടയിടാൻ മുന്നണിയിൽ വിഭാഗീയതയുണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ സർക്കാരിനെതിരേയുള്ള ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിച്ചുപോയി. യു.ഡി.എഫിന് ലഭിക്കേണ്ട കുറച്ചു വോട്ടുകൾ ബി.ജെ.പിയിലേക്ക് പോയെന്നും അദ്ദേഹം പറഞ്ഞു. മുന്നാക്ക-പിന്നാക്ക സംവരണത്തിൽ ലീഗിന് വ്യക്തമായ നിലപാടുണ്ടെന്നും സർക്കാർ മുന്നാക്ക സംവരണം കൊണ്ടുവന്നത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
“എൽ.ഡി.എഫിന്റെ എസ്.ഡി.പി.ഐ ബന്ധത്തിന് തെളിവുണ്ട്. എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി തുടങ്ങിയ എല്ലാ കക്ഷികളെയും എൽ.ഡി.എഫ് ഇത്രയും കാലം കൊണ്ടുനടക്കുകയായിരുന്നു. ഇത്തവണ ആദ്യമായാണ് വെൽഫെയർ പാർട്ടി എൽഡിഎഫുമായി പിരിഞ്ഞ് മത്സരിച്ചത്”. എസ്ഡിപിഐ ഇപ്പോഴും അവർക്കൊപ്പമുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.