വ്യക്തമായ കാരണമില്ലാതെ വിട്ടുനില്‍ക്കുന്നു: ശോഭാ സുരേന്ദ്രനെതിരേ ബി.ജെ.പി സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: ശോഭാ സുരേന്ദ്രനെതിരേ ബി.ജെ.പി സംസ്ഥാന നേതൃത്വം. വ്യക്തമായ കാരണമില്ലാതെയാണ് ശോഭാ സുരേന്ദ്രൻ പ്രവർത്തന രംഗത്തുനിന്ന് മാറിനിൽക്കുന്നതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ആർ.എസ്.എസ് സംസ്ഥാന ഘടകത്തെയും ബിജെപി കേന്ദ്ര നേതൃത്വത്തെയുമാണ് സംസ്ഥാന ഘടകം ഈ നിലപാട് അറിയിച്ചത്.
നിലവിൽ ബി.ജെ.പി വൈസ് പ്രസിഡന്റായ ശോഭാ സുരേന്ദ്രൻ പാർട്ടിയിൽ നിന്നു വിട്ടുനിന്ന് പ്രതിഷേധം ഉയർത്തുന്ന രീതി ശരിയല്ല. പാർട്ടിയിൽ സഹകരിക്കാതെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ളവർ അറിയിച്ചിരിക്കുന്നത
ചുമതലയുള്ളവർ ആവശ്യപ്പെട്ടിട്ടും ശോഭ പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുന്നില്ലെന്നും നിർണായകമായ തദ്ദേശ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ പ്രവർത്തന രംഗത്ത് ഉണ്ടായിരുന്നില്ലെന്നും സംസ്ഥാന ഘടകം ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സംസ്ഥാന നേതൃത്വത്തിനെതിരേ ശോഭാ സുരേന്ദ്രൻ കലാപക്കൊടി ഉയർത്തിയിരുന്നു.
തദ്ദേശതിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്കു പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിക്കാത്തതിൽ ആർ.എസ്.എസ്. നേതൃത്വം കഴിഞ്ഞ ദിവസം അതൃപ്തി അറിയിച്ചിരുന്നു. എന്താണുസംഭവിച്ചതെന്ന് പാർട്ടി വിശദമായി വിലയിരുത്തണമെന്നും ശോഭാസുരേന്ദ്രനടക്കമുള്ളവർ പ്രവർത്തനരംഗത്തുനിന്നു മാറിനിന്ന സാഹചര്യം പരിശോധിക്കണമെന്നും ആർ.എസ്.എസ്. നിർദേശിച്ചിരുന്നു. ഈ ഘട്ടത്തിലാണ് സംസ്ഥാന നേതൃത്വം കാര്യങ്ങൾ വിശദീകരിച്ചത്.