KSDLIVENEWS

Real news for everyone

രാജ്യത്ത് എവിടെ നിന്നും വോട്ടു ചെയ്യാനുള്ള സംവിധാനം ആലോചിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

SHARE THIS ON

ന്യൂഡൽഹി: രാജ്യത്ത് എവിടെ നിന്നും സ്വന്തം മണ്ഡലത്തിൽ വോട്ട് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കാൻ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നു. ഇതിനായി പുതിയ തലമുറയിൽ പെട്ട ഡയനാമിക് വോട്ടിങ് മെഷീൻ രൂപകൽപ്പന ചെയ്യാൻ ഉള്ള നടപടികളിലേക്കാണ് കമ്മീഷൻ കടക്കുന്നത്. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പുതിയ സംവിധാനം ഏർപ്പെടുത്താനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിട്ടിരിക്കുന്നത്.

നിലവിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ മണ്ഡല അടിസ്ഥാനത്തിലുള്ള ബാലറ്റാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. എന്നാൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ ഡയനാമിക് ബാലറ്റ് ഉൾക്കൊള്ളിച്ച് എവിടെ നിന്ന് വേണമെങ്കിലും വോട്ട് രേഖപെടുത്താവുന്ന സംവിധാനമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നത്. ഈ സംവിധാനം നിലവിൽ വരുന്നതോടെ ഒരു വോട്ടിംഗ് മെഷിനിൽ വിവിധ മണ്ഡലങ്ങളിലെ വോട്ട് രേഖപ്പെടുത്താൻ സാധിക്കും.

വിദൂര സ്ഥലങ്ങളിൽ നിന്ന് സ്വന്തം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനത്തെ കുറിച്ച് പഠിക്കാൻ സെൻട്രൽ ഫോർ ഡെവലപ്പ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യുട്ടിങ്ങിന്റെ മുൻ ഡയറക്ടർ ജനറൽ രജത് മൂന്നയുടെ അധ്യക്ഷതയിൽ ഏഴ് അംഗ ഉപദേശക സമിതി തെരെഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിച്ചിരുന്നു. ചെന്നൈ, മുംബൈ, ഡൽഹി ഐ ഐ ടി കളിലെ വിദഗ്ദ്ധർ അടങ്ങുന്നതാണ് ഉപദേശക സമിതി.
ഇലക്ട്രോണിക് വോട്ടിങ് മെഷിനിൽ ഇന്റർനെറ്റ് സംവിധാനം ഉപയോഗിക്കാതെ പുതിയ ഡയനാമിക് ബാലറ്റ് എങ്ങനെ നടപ്പിലാക്കാൻ കഴിയും എന്നതാണ് സമിതിക്ക് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. നിലവിലെ വോട്ടിങ് പ്രക്രിയയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നതേ ഇല്ല. അതിനാൽ ഹാക്കിങ് ഉണ്ടാകുന്നില്ല എന്നാണ് കമ്മീഷൻ വ്യക്തമാക്കുന്നത്. എന്നാൽ ഡയനാമിക് ബാലറ്റ് സംവിധാനം ഉപയോഗിക്കുമ്പോൾ ഇന്റർനെറ്റ് ഉപയോഗം പരമാവധി കുറയ്ക്കുകയും ഹാക്കിങ് പൂർണ്ണമായി ഒഴിവാക്കാനുമാണ് സമിതി ലക്ഷ്യം ഇടുന്നത്. വോട്ട് എണ്ണുന്നതിന് പുതിയ മാർഗ്ഗരേഖയും പുറത്ത് ഇറക്കേണ്ടി വരും.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ പരീക്ഷണ അടിസ്ഥാനത്തിൽ ഡയനാമിക് ബാലറ്റുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷിൻ ഉപയോഗിക്കാൻ തെരെഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നുണ്ട്. ഇത് വിജയകരമാണെങ്കിൽ പതിനായിരത്തോളം പുതിയ മെഷിനുകൾ വാങ്ങാനാണ് കമ്മീഷൻ ആലോചിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!