KSDLIVENEWS

Real news for everyone

28വര്‍ഷത്തിനു ശേഷം നീതി ; അഭയാകേസില്‍ കോട്ടൂരും സെഫിയും കുറ്റക്കാര്‍, ശിക്ഷാവിധി ഇന്ന്

SHARE THIS ON

തിരുവനന്തപുരം:സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ പ്രതികളായ ഫാ. തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാരാണെന്ന് പ്രത്യേക സി.ബി.ഐ. കോടതി. പ്രതികൾക്കുള്ള ശിക്ഷ ബുധനാഴ്ച വിധിക്കും.
രണ്ടു പ്രതികൾക്കുമെതിരായ കൊലക്കുറ്റവും തെളിവ് നശിപ്പിക്കൽ കുറ്റവും കോടതി ശരിവെച്ചു. പ്രതികൾ തമ്മിലുള്ള ശാരീരികബന്ധം സിസ്റ്റർ അഭയ നേരിട്ട് കണ്ടതിനെത്തുടർന്ന് ഇരുവരും ചേർന്ന് അഭയയെ തലയ്ക്കടിച്ചു വീഴ്ത്തി കിണറ്റിലിട്ടുവെന്നാണ് സി.ബി.ഐ.യുടെ കണ്ടെത്തൽ. കോൺവെന്റിൽ അതിക്രമിച്ചു കടന്നുവെന്ന കുറ്റംകൂടി കോട്ടൂരിനുണ്ട്. 28 വർഷം നീണ്ട നടപടികൾക്കൊടുവിലാണ് പ്രതികൾ കുറ്റക്കാരെന്ന് പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി കെ. സനിൽ കുമാർ കണ്ടെത്തിയത്.

മാറാതെ അടയ്ക്കാ രാജു
കോൺവെന്റിൽ മോഷണത്തിനെത്തിയ അടയ്ക്കാ രാജുവിന്റെ മൊഴിയും കേസിൽ തങ്ങൾക്ക് അനുകൂലമായ പ്രചാരണംനടത്താൻ ഫാ. കോട്ടൂർ സമീപിച്ച പൊതുപ്രവർത്തകനായ കളർകോട് വേണുഗോപാലിന്റെ മൊഴിയുമാണ് കേസിൽ നിർണായകമായത്. അഭയയുടെ മുറിയിൽ ഒപ്പം താമസിച്ചിരുന്ന സിസ്റ്റർ ഷെർളി അടക്കമുള്ള എട്ടു സാക്ഷികൾ വിചാരണയ്ക്കിടെ കൂറുമാറി. കോൺവെന്റിന്റെ അയൽപക്കത്തുള്ള സഞ്ജു പി. മാത്യു മജിസ്ട്രേറ്റിനു മുന്നിൽ നൽകിയ രഹസ്യമൊഴിപോലും തിരുത്തി. സഞ്ജുവിനെതിരായ കേസുമായി സി.ബി.ഐ. മുന്നോട്ടുപോകുകയാണ്.
ശക്തം ശാസ്ത്രീയ തെളിവുകൾ
സാഹചര്യത്തെളിവുകളും ബ്രെയിൻ മാപ്പിങ്, ബ്രെയിൻ ഫിംഗർ പ്രിന്റ് ടെസ്റ്റ്, പോളിഗ്രാഫ് ടെസ്റ്റ്, നാർക്കോ ടെസ്റ്റ് എന്നീ ശാസ്ത്രീയ പരിശോധനകളും പ്രതികൾക്ക് കുറ്റത്തിലുളള പങ്ക് തെളിയിക്കാൻ സി.ബി.ഐ.ക്കു സഹായകമായി. ചൊവ്വാഴ്ച രാവിലെ മൂന്നാമതായാണ് അഭയക്കേസ് കോടതി പരിഗണിച്ചത്. പ്രതികൾ കുറ്റക്കാരാണെന്ന പ്രഖ്യാപനം കേട്ട് കോട്ടൂർ നിർവികാരനായി നിന്നു. സെഫി തേങ്ങുന്നുണ്ടായിരുന്നു. കോടതി നിർദേശപ്രകാരം ആരോഗ്യ പരിശോധന പൂർത്തിയാക്കി ഫാ. കോട്ടൂരിനെ പൂജപ്പുര ജയിലിലേക്കും സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും മാറ്റി. സി.ബി.ഐ.ക്കു വേണ്ടി പ്രോസിക്യൂട്ടർ എം. നവാസ് ഹാജരായി.
<അന്വേഷണ പരമ്പര>
1992 മാർച്ച് 27-നാണ് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയുടെ മൃതദേഹം കണ്ടത്. ആദ്യം കോട്ടയം വെസ്റ്റ് പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. ആത്മഹത്യയെന്ന നിഗമനത്തിലെത്തി കേസ് അവസാനിപ്പിച്ചു. 1993 മാർച്ച് 29-ന് സി.ബി.ഐ. ഏറ്റെടുത്തു.
ആദ്യഘട്ടത്തിൽ സി.ബി.ഐ.യും ആത്മഹത്യയെന്നു ശരിവെച്ചു. എറണാകുളം സി.ജെ.എം. കോടതിയുടെ കടുത്ത നിലപാടാണ് കുറ്റക്കാരെ കണ്ടെത്താൻ സി.ബി.ഐ.ക്കു പ്രേരണയായത്. മൂന്നുതവണ സി.ബി.ഐ. അന്വേഷണ റിപ്പോർട്ട് സി.ജെ.എം. കോടതി തള്ളി. 2008-ൽ സി.ബി.ഐ. കൊച്ചി യൂണിറ്റ് കേസ് ഏറ്റെടുത്തു.
2008 നവംബർ 19-ന് ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ അറസ്റ്റുചെയ്തു. 2009 ജൂലായ് 17-നു സമർപ്പിച്ച കുറ്റപത്രത്തിൽ ആദ്യം കേസ് അന്വേഷിച്ച കോട്ടയം വെസ്റ്റ് പോലീസ്സ്റ്റേഷൻ എ.എസ്.ഐ. വി.വി. അഗസ്റ്റിനെ നാലാംപ്രതിയായി ചേർത്തിരുന്നെങ്കിലും കുറ്റപത്രം സമർപ്പിക്കും മുമ്പ് അഗസ്റ്റിൻ ആത്മഹത്യചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!