കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡി ജി സി എ
ന്യൂഡെൽഹി: നിരവധി പേരുടെ ജീവനെടുത്ത വിമാന അപകടത്തിന്റെ പശ്ചാത്തലത്തില്‍ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. മണ്‍സൂണ്‍ കാലയളവിലാണ് വിലക്കുള്ളത്. ആഗസ്റ്റ് ഏഴിന് ദുബൈയില്‍ നിന്നെത്തിയ ഐഎക്സ് 1344 വിമാനം അപകടത്തില്‍പെട്ട് യാത്രക്കാരും ജീവനക്കാരും അടക്കം 18 പേര് മരിച്ച സാഹചര്യത്തിലാണ് ഡിജിസിഎ ഉത്തരവ്.
കരിപ്പൂര്‍ വിമാനപകടത്തില്‍ പരിക്കേറ്റവരില്‍ 86 പേരാണ് ഇനി ചികിത്സയിലുള്ളത് .രണ്ട് പേരാണ് കോഴിക്കോട്ടെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ വെന്റിേലേറ്ററിലുള്ളത്. 24 പേര്‍ക്ക് കാര്യമായ പരിക്കുണ്ട്. 60 പേരുടെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കരിപ്പൂര്‍ വിമാനാപകടം അന്വേഷിക്കുന്ന എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോ ഫ്ലൈറ്റ് ഡാറ്റ റെക്കോര്‍ഡറും കോക്ക് പിറ്റ് വോയിസ് റെക്കോര്‍ഡറും വിശദമായി പരിശോധിച്ച് വരികയാണ്. അമേരിക്കയിലെ നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡുമായും ബോയിംഗിന്റെ സംഘവുമായും സഹകരിച്ചാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.
നേരത്തെ മംഗലാപുരം ദുരന്തത്തിന് പിറകെ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. റണ്‍വേ നവീകരണത്തിന് ശേഷം രണ്ട് വര്‍ഷം മുന്‍പാണ് വീണ്ടും ഇവിടെ വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ തുടങ്ങിയത്.