കോവിഡിൽ നിന്നും സ്വാതന്ത്ര്യം സ്വാതന്ത്ര്യദിനത്തിലെ പ്രധാനമന്ത്രിയുടെ ഷെഡ്യൂള്‍ വായിക്കാം
ദില്ലി : ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനം കടന്ന് പോകുന്നത് കൊറോണ എന്ന മഹാമാരിയുടെ സംഹാരതാണ്ഡവങ്ങൾക്കിടയിലൂടെയാണ്. രാജ്യത്തെ ജനങ്ങൾക്ക് കോവിഡിൽ നിന്നും ഒരു സ്വാതന്ത്ര്യം വേണം. കഴിഞ്ഞ രണ്ടു തവണ പ്രളയത്തിലായപ്പോള്‍ ഇത്തവണ പ്രളയത്തോടൊപ്പം ലോകത്തെ പിടിച്ചുകുലുക്കിയ കോവിഡും എത്തുമ്പോള്‍ ഈ സ്വാതന്ത്ര്യദിനത്തില്‍ കോവിഡില്‍ നിന്നും സ്വതന്ത്ര്യരാകാനുള്ള പോരാട്ടത്തിലാണ് ഇന്ത്യന്‍ ജനത. ഇതിനിടയില്‍ ഈ കോവിഡ് കാലത്തെ സ്വാതന്ത്ര്യദിനത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഷെഡ്യൂള്‍ പുറത്തുവിട്ടു.
ഈ വര്‍ഷം സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 7.21 ന് ദില്ലി ചെങ്കോട്ടയുടെ മുന്‍ഭാഗത്ത് എത്തും. രാവിലെ 7.30 ന് പ്രധാനമന്ത്രി പതാക ഉയര്‍ത്തി 45 മുതല്‍ 90 മിനിറ്റ് വരെ സംസാരിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ മൂന്ന് ശാഖകളായ കരസേന, വ്യോമസേന, നാവികസേന എന്നിവരും 22 സൈനികരും ഉദ്യോഗസ്ഥരും ചെങ്കോട്ടയില്‍ പ്രധാനമന്ത്രിയ്ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ദേശീയ സല്യൂട്ടില്‍ 32 സൈനികരും ഉദ്യോഗസ്ഥരും 350 ദില്ലി പോലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും. ചടങ്ങിനിടെ എല്ലാ സൈനികരും നാല് വരികളായി നില്‍ക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യും. 23 ലക്ഷത്തിലധികം ആളുകളെ ബാധിച്ച കോവിഡിന്റെ വെളിച്ചത്തില്‍ ദേശീയ തലസ്ഥാനത്തും രാജ്യത്തുടനീളവും കര്‍ശനമായി കോവിഡ് പ്രോട്ടോക്കോള്‍ നിയന്ത്രിതമായ ആഘോഷങ്ങള്‍ ആയിരിക്കും ഈ വര്‍ഷം.
മുന്‍കരുതലുകളുടെ ഭാഗമായി, രോഗമുക്തരായവരും നെഗറ്റീവ് ആയവരുമായ സൈനികരെയും ഉദ്യോഗസ്ഥരെയും മാത്രമേ ചടങ്ങില്‍ അനുവദിക്കൂ. പരിപാടിയില്‍ പങ്കെടുക്കുന്ന 350 ദില്ലി പോലീസ് ഉദ്യോഗസ്ഥരെയും ദില്ലി കന്റോണ്‍മെന്റിലെ ഒരു ഹൗസിംഗ് കോളനിയിലേക്ക് മാറ്റി.
കൂടാതെ, ചടങ്ങില്‍ പങ്കെടുക്കുന്ന എല്ലാ സൈനികരോടും പോലീസ് ഉദ്യോഗസ്ഥരോടും അവരുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിഹേഴ്സലില്‍ പങ്കെടുക്കാനല്ലാതെ അവര്‍ക്ക് വീട് വിടാന്‍ അനുവാദമില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു. അവരുടെ വീട്ടിലെ സഹായികള്‍, പാചകക്കാര്‍, ഡ്രൈവര്‍മാര്‍ എന്നിവരും ക്വാറന്റൈന് വിധേയരാകും.
ഈ വര്‍ഷത്തെ ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിലെ മറ്റൊരു വലിയ മാറ്റം മുന്‍പന്തിയില്‍ സ്‌കൂള്‍ കുട്ടികളുടെ അഭാവമായിരിക്കും. മുന്‍ വര്‍ഷങ്ങളില്‍ 3,500 ഓളം കുട്ടികള്‍ ഉണ്ടായിരുന്നു. കൂടാതെ, ഈ വര്‍ഷം 500 എന്‍സിസി (നാഷണല്‍ കേഡറ്റ് കോര്‍പ്സ്) അംഗങ്ങളെ മാത്രമേ അനുവദിക്കൂ; അവരും പരസ്പരം ആറടി അകലം പാലിക്കേണ്ടതുണ്ട്. ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളുടെ എണ്ണവും ഗണ്യമായി കുറച്ചിട്ടുണ്ട്, ആകെ 120 പേര്‍ മാത്രം. മുന്‍ വര്‍ഷങ്ങളില്‍ 300 മുതല്‍ 500 വരെ അതിഥികള്‍ ഉണ്ടായിരുന്നു.
പരിപാടിയില്‍ മാധ്യമ സാന്നിധ്യം നിയന്ത്രിക്കും, പ്രധാനമന്ത്രിയുമായി അടുത്തുള്ള ഫോട്ടോഗ്രാഫര്‍മാര്‍ കോവിഡ് പരിശോധന നടത്തേണ്ടതുണ്ട്. പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആയവരെ മാത്രമേ അനുവദിക്കൂ. വാര്‍ത്താ ഏജന്‍സികളില്‍ നിന്നും ഔദ്യോഗിക മാധ്യമങ്ങളില്‍ നിന്നുമുള്ള ഫോട്ടോഗ്രാഫര്‍മാരെ അനുവദിക്കുമ്‌ബോള്‍ സ്വകാര്യ മീഡിയ കമ്ബനികളില്‍ നിന്നുള്ള ക്യാമറമാന്‍മാരെ അനുവദിക്കില്ല. മുന്‍നിരയില്‍ ഒതുങ്ങുന്ന റിപ്പോര്‍ട്ടര്‍മാര്‍ക്ക് പരിമിതമായ പാസുകള്‍ ഉണ്ടായിരിക്കും.