റിട്ടേണിംഗ് ഓഫീസർമാർ 30 നകം ജോലിയിൽ പ്രവേശിക്കണം ; അല്ലാത്തവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ റിട്ടേണിംഗ് ഓഫീസര്‍മാരായി പ്രവര്‍ത്തിക്കേണ്ട ഉദ്യോഗസ്ഥര്‍ 30നകം ജോലിയില്‍ പ്രവേശിക്കണമെന്നും അല്ലാത്തവര്‍ക്കെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെ കര്‍ശന നടപടിയുണ്ടാവുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. വിവിധ ജില്ലകളില്‍ റിട്ടേണിംഗ് ഓഫീസര്‍മാരായി പ്രവര്‍ത്തിക്കേണ്ടവരെ സ്ഥലംമാറ്റി ഉത്തരവിറങ്ങിയിരുന്നു. എന്നാല്‍ പലരും പുതിയ സ്ഥലത്ത് ജോലിയില്‍ പ്രവേശിച്ചിട്ടില്ല.
ഫെബ്രുവരി ഒന്നു മുതല്‍ മൂന്നു വരെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ഇലക്ഷന്‍ കമ്മീഷന്‍ നടത്താന്‍ നിശ്ചയിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ ജോലിയില്‍ പ്രവേശിക്കാത്തത് ഇതിന് തടസമുണ്ടാക്കുന്ന സ്ഥിതിയാണ്.ഈ വിവരം ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു

