KSDLIVENEWS

Real news for everyone

അബ്ദുള്‍ കലാം പാര്‍ക്ക് മാര്‍ച്ചില്‍ തുറക്കും

SHARE THIS ON

തിരുവനന്തപുരം: ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍കലാമിന്റെ പേരില്‍ നഗരസഭ പ്രഖ്യാപിച്ച എ.പി.ജെ അബ്ദുള്‍ കലാം പാര്‍ക്ക് മാര്‍ച്ചില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. തുമ്പ വി.എസ്.എസ്.സിക്ക് സമീപത്ത് സ്റ്റേഷന്‍ കടവിലെ ഏക്കറിലാണ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. കഴിഞ്ഞ വര്‍ഷം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരുന്നതാണെങ്കിലും കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളെ തുടര്‍ന്ന് നീളുകയായിരുന്നു. അടല്‍ മിഷന്‍ റീജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്ഫോര്‍മേഷന്‍ (അമൃത്) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാര്‍ക്ക് സ്ഥാപിക്കുന്നത്. 5.5 കോടിയാണ് നിര്‍മ്മാണച്ചെലവ്.

ന്യൂട്രീഷന്‍ പാര്‍ക്ക്, വിത്ത് ബാങ്ക്, തുറന്ന ജിംനേഷ്യം, വായനശാല, സൈക്കിള്‍ ട്രാക്ക് എന്നിവയെല്ലാം ഇതോടനുബന്ധിച്ച് ഒരുക്കും.വിവിധതരം സസ്യങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനുവേണ്ടി പാര്‍ക്കില്‍ വിത്ത് ബാങ്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇതില്‍ പൊതുജനങ്ങളെക്കൂടി പങ്കാളിയാക്കും. പരിസ്ഥിതിപ്രവര്‍ത്തക അനിത ശര്‍മയുടെ സഹായത്തോടെയാണ് വിത്ത് ബാങ്ക് ഒരുക്കുന്നത്. നഗരസഭയുടെ ഓപ്പണ്‍ ജിംനേഷ്യവും സ്ഥാപിക്കും. ഔഷധ ഗുണങ്ങളുള്ള ചെടികള്‍ക്കും മരങ്ങള്‍ക്കും മുന്‍ഗണന നല്‍കിയാണ് ന്യൂട്രീഷന്‍ പാര്‍ക്ക് ഒരുക്കുന്നത്. കുട്ടികള്‍ക്ക് കളിക്കാനും സമയം ചെലവിടാനുമായി ചെറിയ കളിയിടവും ഒരുക്കുണ്ട്. പാര്‍ക്കിലെത്തുന്നവര്‍ക്ക് സ്വസ്തമായ വായന പ്രദാനംചെയ്യുന്ന ചെറിയ വായനശാലയും പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്.

പാര്‍ക്കില്‍ പുല്ലും മറ്റും നട്ടു പിടിപ്പിച്ച് ഹരിതാഭമാക്കിയിട്ടുണ്ട്. 1.5 കിലോമീറ്റര്‍ നീളമുള്ള സൈക്കിള്‍ ട്രാക്ക്, ടോയ്ലറ്റ് കോംപ്‌ളക്‌സ്, നടപ്പാത, എക്സിബിഷന്‍ സെന്റര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പാര്‍ക്കിലെ ഗ്രീന്‍ സ്പേസ്. മുന്‍ മേയറും വട്ടിയൂര്‍ക്കാവ് എം.എല്‍.എയുമായ വി.കെ.പ്രശാന്തിന്റേതാണ് ഈ ആശയം. നേരത്തെ മാലിന്യങ്ങള്‍ തള്ളാന്‍ മാത്രം ഉപയോഗിച്ചിരുന്ന പാര്‍വതി പുത്തനാര്‍ – സ്റ്റേഷന കടവ് റോഡിലെ സ്ഥലമാണ് പാര്‍ക്കിനായി ഏറ്റെടുത്തത്. ഇതിനായി 16 സെന്റാണ് വി.എസ്.എസ്.സി കോര്‍പ്പറേഷന് കൈമാറിയത്. അഞ്ഞൂറോളം വിവിധ ചെടി വര്‍ഗങ്ങളും മരങ്ങളുമാണ് പാര്‍ക്കില്‍ സംരക്ഷിക്കുക.ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി ടോയ്ലറ്റ് സൗകര്യം, അഗ്രോ ബാസാര്‍ തുടങ്ങിയ സൗകര്യങ്ങളും പാര്‍ക്കില്‍ ഒരുക്കും. പാര്‍ക്കില്‍ എ.പി.ജെ.അബ്ദുള്‍ കലാമിന്റെ പ്രതിമ സ്ഥാപിക്കും. പാര്‍ക്കിലേക്കുള്ള നടപ്പാത ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!