KSDLIVENEWS

Real news for everyone

സമരം ശക്തിപ്പെടുത്താന്‍ കര്‍ഷകര്‍: ഫെബ്രുവരി 18ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയും

SHARE THIS ON

ന്യൂഡൽഹി: കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരേയുള്ള സമരം ശക്തിപ്പെടുത്താനൊരുങ്ങി കർഷകർ. ഫെബ്രുവരി 18ന് രാജ്യവ്യാപകമായി നാല് മണിക്കൂർ ട്രെയിൻ തടയുമെന്ന് സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് നാല് വരെയാണ് ട്രെയിൻ തടയൽ സമരമെന്നും കർഷക നേതാക്കൾ അറിയിച്ചു.

ഫെബ്രുവരി 12 മുതൽ രാജസ്ഥാനിൽ ടോൾ പിരിവ് അനുവദിക്കില്ലെന്നും സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ അറിയിച്ചു. പ്രശ്ന പരിഹാരത്തിന് കർഷകർ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കർഷകരുടെ പുതിയ സമര പ്രഖ്യാപനം.

പഞ്ചാബ്, ഹരിയാണ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർ കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ഡൽഹി അതിർത്തികളിൽ സമരം തുടരുകയാണ്. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ. പ്രശ്ന പരിഹാരത്തിനായി ഇതുവരെ കേന്ദ്രസർക്കാരുമായി നടത്തിയ ചർച്ചകളെല്ലാം ഫലംകാണാതെ പരാജയപ്പെട്ടിരുന്നു.

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്ക് പിന്നാലെ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം തുടക്കത്തിൽ രാജ്യവ്യാപകമായി കർഷക സംഘടനകൾ മൂന്ന് മണിക്കൂർ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. അതേസമയം നിയമം പിൻവലിക്കില്ലെന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കി. സമരം ചെയ്യുന്ന കർഷകരെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സമര ജീവികളെന്ന് വിശേഷിപ്പിച്ചതും വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!