KSDLIVENEWS

Real news for everyone

വിരുദുനഗര്‍ പടക്കനിര്‍മാണശാലയിലെ സ്ഫോടനം: മരണം 19 ആയി, 10 കെട്ടിടങ്ങള്‍ തകര്‍ന്നു

SHARE THIS ON

ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. മുപ്പതോളം പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. മരിച്ചവരിൽ ഗർഭിണിയും കോളേജ് വിദ്യാർഥിനിയുമുൾപ്പെടുന്നു.
കത്തിക്കരിഞ്ഞ നിലയിലുള്ള 13 മൃതദേഹങ്ങളാണ് തിരിച്ചറിയാൻ സാധിച്ചിട്ടുള്ളത്. തിരിച്ചറിയാനുള്ള മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സാത്തൂരിനടുത്ത് അച്ചൻകുളം ഗ്രാമത്തിൽ പ്രവർത്തിച്ചിരുന്ന ശ്രീ മാരിയമ്മാൾ ഫയർ വർക്സ് എന്ന സ്വകാര്യ പടക്കനിർമാണശാലയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. സ്ഫോടനത്തിൽ പടക്കനിർമാണം നടന്നിരുന്ന പത്ത് കെട്ടിടങ്ങൾ പൂർണമായി തകർന്നു. അൻപതോളം തൊഴിലാളികളാണ് ഈസമയം ജോലിയിലുണ്ടായിരുന്നത്. ഇവരിൽ പകുതിയോളവും സ്ത്രീകളാണെന്നാണ് അറിയുന്നത്. ഒൻപതുപേർ സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു.
പരിക്കേറ്റവരെ സാത്തൂർ, ശിവകാശി, മധുര എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വിരുദുനഗർ, സാത്തൂർ, വെമ്പക്കോട്ടൈ എന്നിവിടങ്ങളിൽനിന്ന് എത്തിയ അഗ്നിരക്ഷാ സേന യൂണിറ്റുകൾ നാലുമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. വെടിമരുന്നിന് തീപ്പിടിച്ച് സ്ഫോടനമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. നിയമവിരുദ്ധമായി പലർക്കും ഉപകരാറുകൾ കൊടുത്ത് അനധികൃതമായാണ് പടക്കനിർമാണശാല പ്രവർത്തിച്ചിരുന്നത്. അനുവദനീയമായതിലും കൂടുതൽ പേർ ഇവിടെ ജോലി ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പടക്കനിർമാണ ശാലയുടെ ലൈസൻസ് ഉടമ സന്താനമാരി ഉൾപ്പെടെ മൂന്നുപേർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഒളിവിൽപ്പോയ ഇവരെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചതായി പോലീസ് അറിയിച്ചു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും സഹായധനം പ്രഖ്യാപിച്ചു
സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും അനുവദിച്ചു. മരിച്ചവരുടെ കുടുംബാഗങ്ങൾക്ക് മൂന്നുലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരുലക്ഷം രൂപ വീതവും സഹായധനം നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയും പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!