ടോൾ പിരിവ്: അതിർത്തി വരെ ടിക്കറ്റെടുത്തിട്ടും യാത്രക്കാരെ പെരുവഴിയിൽ ഇറക്കി കർണാടക ബസുകൾ

മഞ്ചേശ്വരം ∙ കേരള–കർണാടക അതിർത്തിയായ തലപ്പാടി ദേശീയപാതയിൽ ടോൾ പിരിവ് ഒഴിവാക്കാൻ കർണാടകയിലെ ബസുകൾ കേരളത്തിലേക്കുള്ള യാത്രക്കാരെ വഴിയിൽ ഇറക്കി വിടുന്ന പതിവ് തുടരുന്നു. മംഗളൂരു കോർപറേഷനിലെ സിറ്റി ബസുകൾ ലഭിച്ച പെർമിറ്റ് പ്രകാരം അതിർത്തിയിൽ വരുന്നില്ല. ടോൾ ഗേറ്റിനു സമീപം യാത്രക്കാരെ ഇറക്കി തിരിച്ചു പോകുന്നു. യാത്രക്കാർ ഇവിടെ നിന്നു 200 മീറ്ററോളം കാൽനടയായി പൊരിവെയിലിൽ കേരള അതിർത്തി തലപ്പാടി ബസ് സ്റ്റോപ്പിലേക്കു എത്തണം ബസ് പിടിക്കാൻ.
വയോധികർ, ഭിന്നശേഷി വിഭാഗക്കാർ, സ്കൂൾ, കോളജ് വിദ്യാർഥികൾ, സ്ത്രീകൾ, കുട്ടികൾ ഉൾപ്പെടെ ഇതു കാരണം വല്ലാതെ ബുദ്ധിമുട്ടുന്നു. കേരള അതിർത്തി വരെ യാത്ര ചെയ്യാനുള്ള ടിക്കറ്റ് നിരക്ക് നൽകിയിട്ടും യാത്രക്കാരെ വഴിയിൽ ഇറക്കിവിടുകയാണ്. കഴിഞ്ഞ ഒരു വർഷമായി ഈ സ്ഥിതി തുടരുന്നതായാണ് പരാതി. കാസർകോട് ജില്ലയ്ക്കകത്തും പുറത്തും പോകേണ്ട നൂറു കണക്കിനു യാത്രക്കാർക്കാണ് ഈ ദുരിതം.
ടോൾ ഗേറ്റ് ഫീസ് അടയ്ക്കാതിരിക്കാൻ മംഗളൂരു സിറ്റി ബസ് ഉടമകൾ നടത്തുന്ന മനുഷ്യാവകാശ– നിയമ ലംഘനം തടയാൻ കാസർകോട്, മംഗളൂരു മോട്ടർ വാഹന വകുപ്പ് അധികൃതരും കലക്ടറും ഇടപെടണം. തലപ്പാടി വരെയുള്ള ടിക്കറ്റ് നിരക്ക് ഈടാക്കിയിട്ടും യാത്രക്കാരെ വഴിയിൽ ഇറക്കി വിടുന്നതിൽ മനുഷ്യാവകാശ കമ്മിഷൻ പരിഹാരം ഉണ്ടാക്കണം
ബി.വി.രാജൻ, കൺവീനർ, എൽഡിഎഫ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി

