KSDLIVENEWS

Real news for everyone

ലാത്തി പൊട്ടുംവരെ പ്രവർത്തകരുടെ തലയ്ക്കടിച്ചു; മർദ്ദിച്ചത് നെയിംബോർഡ് ഇല്ലാത്തപോലീസ്- ഷാഫി പറമ്പില്‍

SHARE THIS ON

തിരുവനന്തപുരം: നെയിം ബോർഡ് പോലും ധരിക്കാത്ത പോലീസുകാരാണ് സെക്രട്ടറിയേറ്റിന് അകത്തും പുറത്തും കെ.എസ്.യുവിന്റെ സമരത്തെ നേരിട്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ. പെൺകുട്ടികളെ പുരുഷൻമാരായ പോലീസുകാർ കേട്ടാൽ അറയ്ക്കുന്ന തെറി പറഞ്ഞാണ് മർദ്ദിച്ചത്. ഫൈബർ ലാത്തി പൊട്ടുന്നത് വരെ കെ.എസ്.യു. പ്രവർത്തകരുടെ തലയ്ക്കടിച്ചെന്നും ഷാഫി പറമ്പിൽ ആരോപിച്ചു

പോലീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ പാരമ്പര്യമുള്ളവർ തങ്ങളുടെ സമരത്തേക്കുറിച്ച് ഉപദേശിക്കാൻ വരേണ്ടെന്ന് ഷാഫി പറഞ്ഞു. കെ.എസ്.യു.വിന്റെ സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ ലാത്തിച്ചാർജ്ജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഇതേക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.

ഡിവൈഎഫ്ഐ സമരങ്ങളെ അധിക്ഷേപിക്കാതിരിക്കുന്നതാകും നല്ലത്. കാരണം പഴയ ചാനൽ ദൃശ്യങ്ങൾ പരിശോധിച്ചാൽ പോലീസിന് നേരെ അവർ പെട്രോൾ ബോംബ് ഉപയോഗിച്ച ദൃശ്യങ്ങൾ കാണാൻ കഴിയും. അങ്ങനെയുള്ളവർ ഞങ്ങളെ ഉപദേശിക്കാൻവരേണ്ട. വൈകാതെ സമരമുഖത്തേക്ക് ഇറങ്ങേണ്ടവരാണെന്നും സമരത്തെ അധിക്ഷേപിക്കുമ്പോൾ ഓർക്കണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

എല്ലാ സമരങ്ങളോടും സർക്കാർ അസഹിഷ്ണുതയാണ് കാട്ടുന്നത്. അഞ്ചാമത്തെ ദിവസമാണ് ഞങ്ങളുടെ നിരാഹാര സമരം. ചർച്ചയ്ക്ക് പോലും ഒരു മന്ത്രിയും തയ്യാറായിട്ടില്ല. ഉദ്യോഗാർത്ഥികളുടെ സമരം 24 ദിവസമായി ഇതുവരെ ഒരു മന്ത്രിയും ചർച്ചയ്ക്ക് വന്നില്ല. ഈ സർക്കാർ അധികാരത്തിന്റെ എല്ലാ ഹുങ്കും പ്രതിഷേധക്കാർക്ക് നേരെ പ്രയോഗിക്കുകയാണ്. നിരാഹാരം ഇനിയും തുടരുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!