KSDLIVENEWS

Real news for everyone

സമരം നീളാൻ കാരണം മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം; സിപിഎം നിലപാട് ആത്മാര്‍ഥതയില്ലാത്തത്- മുല്ലപ്പള്ളി

SHARE THIS ON

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തണമെന്ന സിപിഎം സെക്രട്ടേറിയറ്റിന്റെ നിലപാട് ഒട്ടും ആത്മാർഥതല്ലാത്തതാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

തുടക്കം മുതൽ സമരത്തെയും സമരക്കാരെയും തള്ളിപ്പറയുകയും അടിച്ചമർത്തുകയും ചെയ്തവരാണ് സിപിഎം. ഇപ്പോഴത്തെ നിലപാട് മാറ്റം ജനവികാരം എതിരാകുമെന്ന തിരിച്ചറിവാണ്. കോൺഗ്രസിന്റെ യുവജന വിദ്യാർത്ഥി സംഘടനകൾ ഉദ്യോഗാർത്ഥികൾക്ക് വേണ്ടി നടത്തുന്ന സമരത്തിന് വമ്പിച്ച ജനപിന്തുണ ലഭിക്കുന്നുണ്ടെന്നുള്ള വസ്തുത സിപിഎമ്മിനെ ഭയപ്പെടുത്തി. അതാണ് പൊടുന്നനെയുള്ള മനം മാറ്റത്തിന് കാരണം.

മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് ഉദ്യോഗാർത്ഥികളുടെ സമരം ഇത്രയും നീണ്ടുപോകാൻ കാരണം. ആദ്യം മുതൽ ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടത് സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്നാണ്. ഇതുതന്നെയാണ് കോൺഗ്രസും ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യം സർക്കാരും മുഖ്യമന്ത്രിയും നിരസിച്ചു. ഉദ്യോഗാർഥികളെ കലാപകാരികളാക്കി മന്ത്രിമാർ പരിഹാസ വർഷം ചൊരിഞ്ഞു. ഉദ്യോഗാർഥികളുമായി ഒരുഘട്ടത്തിലും ചർച്ചയ്ക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ തുറന്നു പറയുകയും സമരം അവസാനിപ്പിച്ചെങ്കിൽ ഗുരുതരഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് ഭീഷണപ്പെടുത്തുകയും ചെയ്തു. എന്നിട്ടും ഉദ്യോഗാർഥികൾ സമരം അവസാനിപ്പിക്കാതെ വന്നപ്പോൾ ഡിവൈഎഫ് ഐയെ ഉപയോഗിച്ച് സമരം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു. അത് പരാജയപ്പെട്ടപ്പോഴാണ് പുതിയ അടവുനയവുമായി സിപിഎം രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തിയ യൂത്ത് കോൺഗ്രസ് കെഎസ് യു പ്രവർത്തകരെ മുഖ്യമന്ത്രിയുടെ പോലീസ് മൃഗീയമായിട്ടാണ് നേരിട്ടത്. ലാത്തിക്കും ധാർഷ്ട്യത്തിനും മുന്നിൽ പതറാത്ത സമരക്കാരുടെ പോരാട്ട വീര്യത്തിന് മുന്നിലാണ് സിപിഎം ഇപ്പോൾ മുട്ടുമടക്കിയത്. ചർച്ചയുടെ പേരിൽ സമരക്കാരെ അനുനയിപ്പിച്ച് ഉദ്യോഗാർഥികളെ വിഡ്ഡികളാക്കാനാണ് ശ്രമിക്കുന്നതെങ്കിൽ അത് കേരളീയ സമൂഹം അനുവദിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!