മേൽപറമ്പിൽ പൊതുശുചിമുറിയില്ല; വലഞ്ഞ് യാത്രക്കാർ

മേൽപറമ്പ്∙ പൊതുശുചിമുറികൾ ഇല്ലാത്തതിനാൽ പ്രാഥമികാവശ്യങ്ങൾക്കു സൗകര്യങ്ങളില്ലാതെ നെട്ടോട്ടമോടി ഡ്രൈവർമാരും യാത്രക്കാരും ഉൾപ്പെടെയുള്ളവർ. ചെമ്മനാട് പഞ്ചായത്തിലെ പ്രധാന കേന്ദ്രമായ മേൽപറമ്പിലാണു പൊതുശുചിമുറി ഇല്ലാത്തതിനാൽ ഇവിടെ എത്തുന്നവർ പ്രയാസപ്പെടുന്നത്. ഓട്ടോറിക്ഷ, ടെംപോ, ടാക്സി സ്റ്റാൻഡുകളിലെ ഡ്രൈവർമാരായ നൂറിലേറെ പേരുണ്ട്. ഇതിനു പുറമേ മത്സ്യ വിൽപനയ്ക്കായി പത്തിലേറെ സ്ത്രീ തൊഴിലാളികൾ ഇവിടെ എത്തുന്നുണ്ട്.
ശുചിമുറി ഇല്ലാത്തതിനാൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് ഏറെ പ്രയാസം അനുഭവിക്കുന്നത്.വിദ്യാലയങ്ങൾ, വിവിധ ബാങ്കുകൾ, തപാൽ ഓഫിസ്, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി ആയിരത്തോളം പേരാണ് മേൽപറമ്പിലെത്തുന്നത്. ബാങ്കുകളിലും വിദ്യാലയങ്ങളിലുമായി എത്തുന്നവർക്കു അവിടങ്ങളിൽ പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യം ഉണ്ടെങ്കിലും യാത്രക്കാരും ടാക്സി–ഓട്ടോറിക്ഷ സ്റ്റാൻഡുകളിലെ ഡ്രൈവർമാരാണ് മറ്റു വഴികൾ തേടുന്നത്.

