തൊഴിൽ ആനുകൂല്യം നിഷേധിക്കുന്ന കാസർകോട്ടെ സ്വകാര്യ ആശുപത്രിക്ക് മുന്നിൽ സമരം നടത്തുമെന്ന്
അസോസിയേഷൻ മുന്നറിയിപ്പ്
കാസർഗോഡ്: ബോണസ‌് നിഷേധിക്കുകയും ജീവനക്കാരുടെ ആനുകൂല്യം കവരുകയും ചെയ്യുന്ന കാസർകോട‌് അരമന ആശുപത്രിക്കെതിരെ പ്രത്യക്ഷ സമരത്തിന‌് നേതൃത്വം നൽകുമെന്ന‌് കാസർകോട‌് ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ‌് ഫാർമസി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റി മുന്നറിയിപ്പ‌് നൽകി.മിനിമം വേതനം ലഭിക്കുന്ന തൊഴിലാളികൾക്ക് ശമ്പളമെന്ന പോലെ ഒരു മാസത്തെ വേതനം മിനിമം ബോണസ്സായി നൽകണമെന്നത് അംഗീകൃത നിയമമാണ്. തർക്കത്തിന് ഇടയാക്കാതെ മിനിമം ബോണസ്സെങ്കിലും 20ന് മുമ്പ് നൽകണമെന്ന് സംഘടന മാനേജുമെന്റിന് കത്തുനൽകി. കൂടുതൽ ബോണസ‌് മുൻ കാലങ്ങളിൽ നൽകിയ സ്ഥാപനങ്ങൾ ഇത്തവണയും ഇതേ സമീപനം തുടരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മഹാമാരിക്കാലത്ത് അവിശ്രമം ജോലി ചെയ്യുന്ന തൊഴിലാളികളുടെ ദുരിതങ്ങളറിയുന്ന മാനേജുമെന്റുകൾ ബോണസ് നൽകുമെന്ന് സമ്മതിച്ചിട്ടുണ്ട്. വിരലിലെണ്ണാവുന്ന മാനേജുമെന്റുകൾക്ക് മാത്രമാണ് നിഷേധാത്മകസമീപനം. അരമനയിൽ ബോണസ്സ് കൃത്യമായി നൽകാറില്ല. സംഘടനാംഗത്വമുള്ള തൊഴിലാളികൾക്ക് മാത്രം രണ്ടുതവണയായി ബോണസ് നൽകും. 2019 ൽ ലേബർ ഓഫീസർ നിർദ്ദേശിച്ച ബോണസ‌് ഇതുവരെ കൊടുത്തു തീർത്തിട്ടില്ല. അതിനിടയിലാണ് ഈ വർഷം ബോണസ‌് നൽകില്ല എന്ന് പരസ്യ പ്രഖ്യാപനം നടത്തിയത്. ബോണസ‌് സമയബന്ധിതമായി നൽകുകയും രണ്ടു വർഷം മുമ്പ് വിരമിച്ച ജീവനക്കാരിക്ക് ഗ്രാറ്റുവിറ്റി ഉടൻ നൽകുകയും ചെയ്തില്ലെങ്കിൽ ആശുപത്രിക്കു മുമ്പിൽ പ്രത്യക്ഷ സമരം നടത്തും. കോവിഡ് പോസിറ്റീവ് കേസുകളുണ്ടാകുന്ന ആശുപത്രികൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുക, ജീവനക്കാർക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകുക, മുഴുവൻ തൊഴിലാളിക്കളയുംപിഎഫ്, ക്ഷേമനിധി അംഗങ്ങളാക്കുക, റിജിനിക‌്സ് മാനേജുമെന്റ് എംഡിഎക്സിലെ തൊഴിലാളികൾക്കു നൽകാനുള്ള ഗ്രാറ്റുവിറ്റി, ബോണസ‌്, സർവീസ് സർടിഫിക്കറ്റ് തുടങ്ങിയവ ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഓൺലൈനായി ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ‌് എ മാധവൻ അധ്യക്ഷനായി. സെക്രട്ടറി എസ് വിവേകാനന്ദ് റിപ്പോർട്ടവതരിപ്പിച്ചു. സിഐടിയു സംസ്ഥാന കമ്മറ്റി അംഗം വി വി പ്രസന്നകുമാരി, ഡി വി അമ്പാടി, ടി വിനീത, സി ശോഭലത, വി എസ‌് മധു, എം സതീഷ്, കെ സുനിൽകുമാർ, പി പ്രീത, കെ രവീന്ദ്രൻ, സി ഷീല, ടി ഗീത എന്നിവർ സംസാരിച്ചു.